പാലാ: അരനൂറ്റാണ്ടായി നിരന്തരം സർവീസ് നടത്തിവന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഒറ്റയടിക്ക് നിറുത്തിയവർക്ക് വോട്ടില്ലെന്ന് നാട്ടുകാർ.പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയിരുന്ന ചക്കാമ്പുഴ രാമപുരം സ്റ്റേ സർവീസും ഏഴാച്ചേരി രാമപുരം സ്റ്റേ സർവീസും കഴിഞ്ഞ വർഷം മേയ് 30നാണ് നിറുത്തലാക്കിയത്. രാമപുരത്ത് നിന്ന് പുലർച്ചെ 5.20ന് ചക്കാമ്പുഴ വഴിയും 6ന് ഏഴാച്ചേരി വഴിയും പാലായ്ക്കും രാത്രി 9.20ന് ഏഴാച്ചേരി വഴിയും 9.30ന് ചക്കാമ്പുഴ വഴിയും രാമപുരത്തേക്കും സർവീസ് നടത്തിയിരുന്ന സ്റ്റേ ബസുകൾ നൂറുകണക്കിന് യാത്രക്കാർക്ക് അനുഗ്രഹമായിരുന്നു. ഈ സർവീസുകൾക്ക് നല്ല കളക്ഷൻ ലഭിച്ചിരുന്നതുമാണ്. എന്നാൽ സിംഗിൾ ഡ്യൂട്ടിയുടെ കാര്യം പറഞ്ഞ് രണ്ട് സർവീസുകളും ഒറ്റയടിക്ക് നിറുത്തുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ രാത്രിയിൽ ചക്കാമ്പുഴക്കും ഏഴാച്ചേരിക്കും പോകേണ്ട യാത്രക്കാർക്ക് ഓട്ടോറിക്ഷയെയും മറ്റും ആശ്രയിക്കേണ്ടിവന്നു.
ഇതോടൊപ്പം ചക്കാമ്പുഴ ഉഴവൂർ റൂട്ടിലും നെച്ചിപ്പുഴൂർ വളക്കാട്ട് കുന്നും റൂട്ടിലുള്ള ഓർഡിനറി സർവ്വീസുകളും നിറുത്തിവച്ചു. ഇതോടെ അതിരാവിലെയും രാത്രിയിലുമുള്ള സാധാരണക്കാരായ യാത്രക്കാർ വലയുകയാണ്. ഇക്കാര്യം പലതവണ കെ.എസ്.ആർ.ടി.സി അധികാരികളെയും വകുപ്പുമന്ത്രിയെ തന്നെയും അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു. ഒരു വർഷമായി ഈ ദുർസ്ഥിതി തുടരുകയാണ്. രാമപുേേരത്തക്കുള്ള ഇരു സ്റ്റേ സർവ്വീസുകളും പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് രാമപുരം, ഏഴാച്ചേരി, ചക്കാമ്പുഴ പ്രദേശങ്ങളിലെ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മാത്രമല്ല, ഒരാഴ്ചക്കുള്ളിൽ സർവ്വീസ് പുനരാരംഭിക്കാൻ ആര് മുൻകൈയെടുക്കുന്നുവോ അവർക്കുവേണ്ടി തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തുമെന്ന് പൗരസമിതിയോഗവും തീരുമാനിച്ചിട്ടുണ്ട്.
സ്റ്റേബസുകൾ എത്രയുംവേഗം സർവീസ് ആരംഭിക്കണം: പാലാ പൗരസമിതി
പാലാ: ഏഴാച്ചേരി, ചക്കാമ്പുഴ വഴിയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. സ്റ്റേബസുകൾ എത്രയുംവേഗം സർവീസ് പുനരാരംഭിക്കണമെന്ന് പാലാ പൗരസമിതി യോഗം കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോ അധികാരികളോട് ആവശ്യപ്പെട്ടു.