panmkutty-power-house
തീപിടുത്തമുണ്ടായ പനംകുട്ടി പവര്‍ ഹൗസ് യാഡ്

അടിമാലി: പനംകുട്ടി പവർ ഹൗസിലുണ്ടായ തീപിടുത്തത്തിൽ 10 എം.ബി ശേഷിയുള്ള ട്രാൻസ്‌ഫോമർ കത്തിനശിച്ചതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.പവർ ഹൗസിൽ വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തേക്കയക്കുന്ന യാഡറിൽ ഉള്ള ട്രാൻസ്‌ഫോമറിനായിരുന്നു ബുധനാഴ്ച്ച രാത്രിയിൽ തീപിടിച്ചത്.110 കെവി ലൈൻ പൊട്ടി വീണതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.നാൽപ്പത് വർഷത്തോളം പഴക്കമുള്ള ട്രാൻസ്‌ഫോമറാണ് കത്തി നശിച്ചത്.
ട്രാൻസ്‌ഫോമറിന്റെ കലപ്പഴക്കവും തീ പിടത്തത്തിന് കാരണമാകാം എന്ന് വെദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.തീ ആളിപ്പടർന്നതോടെ ഇടുക്കിയിൽ നിന്നും അടിമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തി രാത്രി പത്ത് മണിയോടെ തീണച്ചു.ട്രാൻസ്‌ഫോമറിൽ ഓയിൽ കൂടുതൽ ഉള്ളതിനാൽ തീ വലിയ രീതിയിൽ ആളിപ്പടർന്നത് ആശങ്കക്ക് ഇടവരുത്തി.തീ പിടുത്തമുണ്ടായ ഭാഗത്ത് ജീവനക്കാരാരുമില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.കെഎസ്ഇബിയിലെ ഉയർന്ന ഉദ്യോഗസ്ഥർ പവർ ഹൗസിലെത്തി സ്ഥിതി ഗതികൾ പരിശോധിച്ചു.ഏതാനും ചില കേബിളുകൾക്ക് പുറമെ 10 എംബി ശേഷിയുള്ള ട്രാൻസ്‌ഫോമറും കത്തിനശിച്ചതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.നാല് ജനറേറ്ററുകളാണ് നിലവിൽ പനംകുട്ടിയിൽ സ്ഥാപിച്ചിട്ടുള്ളത്. പ്രദേശിക വിതരണത്തിനായി സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോമറാണ് തീപിടുത്തത്തിൽ കത്തി ചാമ്പലായത്.തീപിടുത്തത്തെ തുടർന്ന് പവർ ഹൗസിലെ ഒരു ജനറേറ്റർ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.പരിശോധന പൂർത്തിയാകുന്ന മുറക്ക് കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് തുടങ്ങും.ഇന്ന് വൈകിട്ടോടു കൂടി പവർ ഹൗസ് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.