കടുത്തുരുത്തി : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മുളക്കുളം പഞ്ചായത്തിലെ മുഴയുംമൂടിന് സമീപം സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം കാട് കയറി നശിക്കുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സ്വകാര്യ വ്യക്തി കൈയ്യേറിയ ഭൂമി ഏറെ വിവാദങ്ങൾക്ക് ശേഷമാണ് 28 സെന്റ് സ്ഥലം മതിൽ കെട്ടി തിരിച്ച് മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുള്ള ഇടമാക്കിയത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാതിന് ശേഷം ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. സ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഗേയിറ്റിന് മുന്നിൽ ബോർഡ് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ബോർഡ് സൗജന്യമായി എഴുതി നൽകാമെന്നു മൂർക്കാട്ടുപടിയിലെ സ്റ്റുഡിയോ ഉടമ പഞ്ചായത്ത് പ്രസിഡന്റിനോടും പഞ്ചായത്തംഗങ്ങളോടും പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.