ജോസ് വിഭാഗം സ്ഥാനാർത്ഥിയെ നിർത്തും

ശനിയാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഉന്നത നേതാക്കൾ പറയുമ്പോഴും പരസ്പരം സംസാരിക്കാനില്ലെന്ന് ജോസും ജോസഫും വ്യക്തമാക്കിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയാണ്. ജോസ് വിഭാഗം സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണെന്നറിയുന്നു.

ജോസ് വിഭാഗം ഇന്നും നാളെയും പാലായിലും കോട്ടയത്തുമായി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട് . ഇതിന് ശേഷമായിരിക്കും പ്രഖ്യാപനം.

ചിഹ്നം നൽകേണ്ട ജോസഫിന് അനഭിമതനാണ് സ്ഥാനാർത്ഥിയെങ്കിൽ തിരഞ്ഞെടുപ്പ് രംഗം കലങ്ങിമറിയുന്ന ഗുരുതര സ്ഥിതി വിശേഷമാവും ഉണ്ടാവുക .

എൻ.ഡി.എ പി.സി. തോമസിനു മുൻതൂക്കം

എൻ.ഡി.എ സ്ഥാനാർത്ഥിയായി പി.സി.തോമസിന് പ്രഥമ പരിഗണന നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്നലെ നടന്ന ജില്ലാ എൻ.ഡി.എ യോഗം പി.സി.തോമസ്, എൻ.ഹരി എന്നിവരുടെ പേരാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്. ലോക് സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയതും കേരള കോൺഗ്രസിലെ ഇപ്പോഴത്തെ ഭിന്നതയും കാരണം ഉപതിരഞ്ഞെടുപ്പിൽ പി.സി.തോമസ് മത്സരിക്കുന്നതായിരിക്കും നല്ലതെന്ന അഭിപ്രായമാണ് ഉയർന്നിട്ടുള്ളത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ എന്നിവരും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു . ഇന്ന് കൊച്ചിയിൽ ചേരുന്ന യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.

മാണി സി. കാപ്പൻ സജീവമായി

ഇടതു സ്ഥാനാർത്ഥിത്വം ലഭിച്ച മാണി സി. കാപ്പൻ ശനിയാഴ്ച പത്രിക നൽകും. സെപ്തംബർ നാലിന് പാലായിൽ നടക്കുന്ന ഇടതു മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഇതിന്റെ മുന്നോടിയായി ഇന്നലെ കോട്ടയത്ത് ഇടതു മുന്നണി ജില്ലാ കൺവെൻഷൻ ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ഇടതു മുന്നണി കൺവീനർ എം.ടി .ജോസഫ് , സി.പി.ഐ നേതാക്കളായ സി.കെ.ശശിധരൻ, അഡ്വ.വി.ബി.ബിനു, എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്നലെ പാലായിൽ മരണ വീടുകളും പ്രമുഖ വ്യക്തികളെയും കണ്ടു. വിവിധ സ്ഥാപനങ്ങളും കയറിയിറങ്ങി. സ്ഥാനാർത്ഥി ആയതോടെ പാലായിൽ കാപ്പന്റെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു തുടങ്ങി.