paadam

കോട്ടയം: പട്ടാണംകരി മോട്ടോർതറയിലെ കലുങ്ക് നിർമ്മാണം വൈകുന്നതുമൂലം എം.എൻ ബ്ലോക്ക് പാടശേഖരത്തിൽ പുഞ്ചകൃഷി പ്രതിസന്ധിയിൽ. നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ മോട്ടോർ തറ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാൻ സാധിക്കാത്തതാണ് പുഞ്ചകൃഷിക്ക് പ്രതിസന്ധിയാകുന്നത്. 1200 ഏക്കറുള്ള എം.എൻ ബ്ലോക്കിൽ അഞ്ച് പാടശേഖരങ്ങളും പത്ത് മോട്ടോർ തറകളുമുണ്ട്. ഇതിൽ 9 തറകളും പ്രവർത്തനസജ്ജമാണ്. എന്നാൽ പട്ടാണംകരിയിലെ മോട്ടോർതറ കൂടി സജ്ജമായാലെ മുഴുവൻ പാടത്തേയും വെള്ളം വറ്റിച്ച് നിലമൊരുക്കാൻ സാധിക്കു. കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് ശേഷം കലുങ്കിനുവേണ്ടി ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചെങ്കിലും നിർമ്മാണം തുടങ്ങാനായില്ല. കലുങ്ക് നിർമ്മിക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ ഏപ്രിൽ വരെ പാടത്ത് വെള്ളം കയറ്റാതെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ ജൂലായ് 17നാണ് കലുങ്ക് നിർമ്മാണത്തിന് കുമരകം ഗ്രാമപഞ്ചായത്തുമായി കോൺട്രാക്ടർ കരാർ ഒപ്പുവച്ചത്. ആഗസ്റ്റ് 17നകം നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. അതിനിടെ അപ്രതീക്ഷിതമായി പ്രളയം എത്തിയതോടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് കലുങ്ക് നിർമ്മാണം താൽക്കാലികമായി നിറുത്തിവയ്ക്കണമെന്നാണ് പാടശേഖര സമതികൾ ആവശ്യപ്പെടുന്നത്.