പൊൻകുന്നം:മിനി സിവിൽ സ്റ്റേഷനിൽ ജോ.ആർ.ടി.ഓഫീസിനായുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി കാത്തിരിപ്പു തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു. ആർ.ടി.ഓയുടെ അവഗണനയാണ് ഓഫീസ് മാറ്റത്തിനു തടസമെന്നാണ് അധികൃതർ പറയുന്നത്. 2018 ആഗസ്റ്റ് 9നായിരുന്നു പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലായി വാടകകെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഒരു സമുച്ഛയത്തിലാക്കുന്നതിനായി ഓരോ ഓഫീസുകൾക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കി.
പ്രധാനപ്പെട്ട 9 സർക്കാർ സ്ഥാപനങ്ങളാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മറേണ്ടത്.രണ്ടു മാസത്തിനകം എല്ലാ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചുതുടങ്ങുമെന്നായിരുന്നു ഉദ്ഘാടനവേളയിൽ എം.എൽ.എ അടക്കമുള്ളവർ പറഞ്ഞത്. ജോ.ആർ.ടി.ഓഫീസിനായി കെട്ടിടത്തിന്റെ രണ്ടാം നിലയാണ് നൽകിയത്.
ഓഫീസ് പ്രവർത്തനത്തിനാവശ്യമായ ഫർണിഷിംഗ് നടപടികളെല്ലാം പൂർത്തിയായിട്ട് ആറുമാസം കഴിഞ്ഞു.അട്ടിക്കവലയിലുള്ള വാടക കെട്ടിടത്തിലാണ് ജോ.ആർ.ടി.ഓഫീസ് പ്രവർത്തിക്കുന്നത്.കഴിഞ്ഞ നവംബർ മുതൽ കെട്ടിടത്തിന്റെ വാടക പി.ഡബ്ല്യ.ഡി.തടഞ്ഞിരിക്കുകയാണ്.എന്നിട്ടും ഓഫീസ് മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകുന്നില്ല.പുതിയ ഓഫീസിലേക്കുള്ള കമ്പ്യൂട്ടറുകൾ ലഭിക്കാത്തതാണ് ഓഫീസ് മാറ്റത്തിന് തടസം.അതു നൽകേണ്ടത് ആർ.ടി.ഒ ആണ്.ഒരു വർഷമായി അപേക്ഷ നൽകി കാത്തിരിപ്പു തുടങ്ങിയിട്ട് ആർ.ടി.ഓയുടെ ഭാഗത്തുനിന്നും അനുകൂലമായ ഒരു പ്രതികരണവുമില്ലെന്ന് ജോ.ആർ.ടി.ഓഫീസ് അധികൃതർ പറഞ്ഞു.അഞ്ചു കമ്പ്യൂട്ടറുകളും രണ്ട് പ്രിന്ററും ലഭിച്ചാൽ ഓഫീസ് സിവിൽ സ്റ്റേഷനിലേക്ക് മാറി പ്രവർത്തനം നടത്താൻ കഴിയും.പക്ഷേ അതിന് മേലധികാരികൾ കനിയണം.