തലയോലപ്പറമ്പ് : ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽപ്പെട്ട നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നീർപ്പാറ തലയോലപ്പറമ്പ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതോടെയാണ് യാത്രക്ലേശത്തിന് പരിഹാരമാകുന്നത്. നീർപ്പാറ, ബ്രഹ്മമംഗലം, തട്ടവേലി, പാലാംകടവ്, തലയോലപ്പറമ്പ് മാർക്കറ്റ് കെ.ആർ.സ്ട്രീറ്റ് വഴി തലയോലപ്പറമ്പ് ജംഗ്ഷനിൽ എത്തിച്ചേരുന്ന 7 കിലോ മീറ്റർ ദൂരം വരുന്ന റോഡിന് 8 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. റോഡിന്റെ ഭരണാനുമതിക്കായി ഗവൺമെന്റിൽ സമർപ്പിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമ്മാപ്രവർത്തനം ആരംഭിക്കും. റോഡിന്റെ ആദ്യഘട്ട പ്രവർത്തനത്തിനായി 1.60 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. റോഡിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് മാർക്കറ്റിലെയും മറ്റ് റോഡുകളുടെ വശങ്ങളിലേയും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മാർക്കറ്റ് റോഡ് ഉൾപ്പടെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് കൈയ്യേറി വഴിയോര കച്ചവടം നടത്തുന്നതിനാൽ രൂക്ഷമായ ഗതാഗതകുരുക്കാണ് ഇവിടങ്ങളിൽ ഉണ്ടാകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഒന്നരമീറ്റർ ഫുട്പാത്ത് ഉൾപ്പടെ 9.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. തട്ടവേലി പാലത്തിന്റെ വീതി കുറഞ്ഞ അപ്രോച്ച് റോഡ് വീതി കൂട്ടി എടുക്കുന്നതിനും ഇതിൽ തുക വകയിരുത്തിയിട്ടുണ്ട്. റോഡിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കഴിഞ്ഞ ദിവസം അധികൃതർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്, പൊലീസ്, ആർ. ടി. ഒ. അധികൃതർ എന്നിവരുടെ യോഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്. ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള കൈയ്യേറ്റങ്ങൾ ഒഴിയണമെന്ന് കാട്ടി വ്യാപരികൾക്ക് പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതർ നോട്ടീസ് നൽകി. റോഡ് പുനർ നിർമ്മിക്കുന്നതോടെ നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ വികസനത്തിന് വഴിയൊരുങ്ങും. റോഡ് നിർമ്മാണം പൂർത്തിയായി ഇത് വഴി ബസ് സർവീസ് ആരംഭിക്കുന്നതോടെ ഉൾപ്രദേശങ്ങളിലെ നിവാസികളുടെ യാത്രക്ലേശം ഇതോടെ പരിഹരിക്കപ്പെടും.
* റോഡ് പുനർനിർമ്മിക്കുന്നതോടെ നാല് പഞ്ചായത്ത് നിവാസികളുടെ വികസനം സാദ്ധ്യമാകും.
* തട്ടവേലി പാലത്തിന്റെ വീതി കുറഞ്ഞ അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിനും തുക.
* ആദ്യഘട്ടമായി 1.6 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.
* നിർമ്മാണം പൂർത്തിയായി ബസ് സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രക്ലേശത്തിന് പരിഹാരം
* അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടി
* 8 കോടിരൂപ
* നീർപ്പാറ, ബ്രഹ്മമംഗലം, തട്ടവേലി, പാലാംകടവ്, തലയോലപ്പറമ്പ് മാർക്കറ്റ് കെ.ആർ.സ്ട്രീറ്റ് വഴി തലയോലപ്പറമ്പ് ജംഗ്ഷനിൽ എത്തിച്ചേരുന്ന 7 കിലോ മീറ്റർ ദൂരം