കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ കുടിവെള്ളവിതരണത്തിന്റെ ചുമതല ജലനിധിക്ക് കൈമാറാനുള്ള തീരുമാനത്തെച്ചൊല്ലി പഞ്ചായത്ത് കമ്മിറ്റിയിൽ അഭിപ്രായ ഭിന്നത.
പഞ്ചായത്ത് ഭരണസമിതിയിലെ ആറ് എൻ.ഡി.എ അംഗങ്ങളാണ് കമ്മിറ്റി തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. വർഷങ്ങളായി നാട്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജലഅതോറിട്ടിയുടെ സേവനം പൂർണമായി അവസാനിപ്പിച്ച് ജലനിധി പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പിന്നിൽ ഗൂഡതാത്പര്യങ്ങളുണ്ടെന്നാണ് എൻ.ഡി.എ അംഗങ്ങൾ ആരോപിക്കുന്നത്. മുമ്പ് യു.ഡി.എഫിന്റെ കാലത്ത് ജലനിധിക്ക് എതിരെ സമരം ചെയ്തവരാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ. വാട്ടർ അതോറിട്ടിയുടെ സേവനം നിലനിറുത്തിക്കൊണ്ടുമാത്രമെ ജലനിധി പദ്ധതി നടപ്പിലാക്കാവു എന്നായിരുന്നു എൽ.ഡി.എഫിന്റെ മുൻ നിലപാട്. ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം ഐകകണ്ഠേന എടുത്ത തീരുമാനവും വാട്ടർ അതോറിട്ടിയുടെ സേവനം നിലനിറുത്തിക്കൊണ്ടുമാത്രമെ ജലനിധി ആരംഭിക്കാവു എന്നായിരുന്നു. എന്നാൽ അടുത്തിടെ പഞ്ചായത്ത് പ്രസിഡന്റും ഇടതുമുന്നണിയും മുൻ തീരുമാനത്തിൽ നിന്ന് മലക്കം മറിഞ്ഞു. എല്ലാകാലത്തും ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ലാത്ത ജലനിധിക്കുവേണ്ടി പണം മുടക്കുന്നത് അനുചിതമാണ്. ഒരു പഞ്ചായത്തിൽ വാട്ടർ അതോറിട്ടിയും ജലനിധിയും ഒരുമിച്ച് പ്രവർത്തിക്കാനാവില്ലെന്ന തൊടുന്യായമാണ് പ്രസിഡന്റ് പറയുന്നത്. എന്നാൽ ജില്ലയിൽ തന്നെ ഈ രണ്ട് ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്തുകളുണ്ടെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഭരണസമിതി നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എൻ.ഡി.എ അംഗങ്ങൾ പറഞ്ഞു.