മുണ്ടക്കയം : സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ സ്പെഷ്യൽബ്രാഞ്ച് പൊലീസ് സൂപ്രണ്ട് മൂഴിക്കൽ കൊച്ചുപുരയ്ക്കൽ കെ.വി. വിജയന് ജന്മനാട്ടിൽ ഉജ്വല സ്വീകരണം. അഖില തിരുവിതാംകൂർ മലഅരയ മഹാസഭ മൂഴിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കോരുത്തോട്ടിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുഴിമാവിലും അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മൂഴിക്കലേക്കും വിജയന് വരവേല്പ് നൽകി. തുടർന്ന് നടന്ന അനുമോദന യോഗം മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.എ.ടി.എം എ.വൈ.എ പ്രസിഡന്റ് നിഖിൽ ദാസ്, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. സിനു സ്വാഗതം പറഞ്ഞു. എ.ടി.എം.എ.എം.എസ് ബോർഡ് അംഗങ്ങൾ, ശാഖ ഭാരവാഹികൾ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.