കോട്ടയം: മായമില്ലാത്ത ഓണവിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് കുടുംബശ്രീ. ഇക്കുറി ഒാണം ഫെയർ ഗംഭീരമാക്കണം. നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണത്. പോയ രണ്ടു പ്രളയത്തിൽ നിന്നു പിട‌ിച്ചു കയറാനുള്ള പരിശ്രമങ്ങളിലാെന്ന്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്തയാഴ്ച മുതൽ ഫെയർ തുടങ്ങും.

അതിനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ 78 സി.ഡി.എസുകൾ. എല്ലാ അയൽക്കൂട്ടങ്ങളോടും ഒരു ഉത്പന്നമെങ്കിലും നിർമിച്ച് ഫെയറിലെത്തിക്കാനാണ് നിർദേശം. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ഫെയറിന് പുറമേ കോട്ടയം നഗരസഭ പരിധിയിൽ ജില്ലാ മെഗാ ഫെയർ ഒരുക്കും. ഓണസദ്യ മുതൽ മായം കലരാത്ത കറി പൗഡറും ഉപ്പേരിയും അച്ചാറും പച്ചക്കറികളുമൊക്കെ കുടുംബശ്രീ യൂണിറ്റുകൾ ഒരുക്കുന്നുണ്ട്. ബ്ലോക്ക് ഭാരവാഹികളുടെ കീഴിലാണ് ഫെയറിന്റെ പ്രവർത്തനം.

തുടങ്ങുന്നത് 6ന്

ഗ്രാമപ്രദേശത്ത് 12,​000 രൂപയും നഗരത്തിൽ 15,​000 രൂപയും ഓരോ ഫെയറിനും ചെലവായി നൽകും. മിനിമം മൂന്ന് ദിവസമെങ്കിലും മേള നടത്തണം. വലിയ ഫെയറുകൾക്ക് കുറഞ്ഞത് ഒരു ലക്ഷത്തിന്റെയും ചെറിയ ഫെയറിന് 50,​000 രൂപയുടേയും കളക്ഷനാണ് ലക്ഷ്യം.

ഒരുക്കം തകൃതി

ബ്ലോക്ക് കോ- ഓർഡിനേറ്ററുടെ നേതൃത്വത്തിൽ മേളയ്ക്കാവശ്യമായ ഉത്പ്പന്നങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ട്. ആവശ്യമുള്ളിടങ്ങളിലേയ്ക്ക് ജില്ലാ കോ- ഓർഡിനേറ്ററുടെ നേതൃത്വത്തിൽ സാധനങ്ങളെത്തിക്കും.

അതിജീവനം

കഴിഞ്ഞ പ്രളയത്തിൽ വീടടക്കം നഷ്ടപ്പെട്ടവരുണ്ട് ഇക്കൂട്ടത്തിൽ. ഇക്കൊല്ലവും ക്യാമ്പുകളിൽ കഴിയുന്ന സമയത്തും അതിജീവനം എന്ന ആശയത്തിൽ മുറുകെ പിടിച്ചാണ് ഇവർ മുന്നോട്ടു നീങ്ങിയത്. കുടുംബശ്രീയുടെ 90 യൂണിറ്റുകൾ ചിപ്‌സ് നിർമാണം നടത്തുമ്പോൾ 89 വീതം അച്ചാർ, കറിപ്പൊടി യൂണിറ്റുകളുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പച്ചക്കറി ലഭ്യതയിൽ കുറവുണ്ട്. വെള്ളം കയറി നഷ്ടം വന്ന യൂണിറ്റുകളുമുണ്ട്. വൈക്കത്തു നിന്നുള്ളവരാണ് ഇക്കുറി ഓണ സദ്യ ഒരുക്കുന്നത്. ബുക്ക് ചെയ്യുന്നവർക്ക് പായസം അടങ്ങിയ സദ്യ പാഴ്സലായി ലഭിക്കും.

'' ഭക്ഷ്യോത്പന്നങ്ങൾക്കുള്ള സാധനങ്ങൾ എല്ലായിടത്തും തയ്യാറാണ്. ജില്ലയിലെ എല്ലാ യൂണിറ്റുകളും ഓണവിപണി ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ്. പ്രളയം മൂലമുണ്ടായ തിരിച്ചടി ഓണം ഫെയറിലൂടെ നികത്താമെന്നാണ് പ്രതീക്ഷ.''

ജോബി ജോൺ, മാർക്കറ്റിംഗ് മാനേജർ

ഫെയറിനുള്ള സാധനങ്ങൾ

 ഉപ്പേരി,​ പപ്പടം സദ്യ,​ പായസം വെളിച്ചെണ്ണ പൊടികൾ മറ്റ് ഭക്ഷ്യോത്പ്പന്നങ്ങൾ കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ