കോട്ടയം: ചിഹ്നം നൽകാൻ അധികാരം തനിക്കുമാത്രമെന്ന് പി.ജെ. ജോസഫ് ആവർത്തിക്കുമ്പോൾ, പാലായിൽ മാണി കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ട് നിഷയുടെ പേര് ഉറപ്പിക്കാനുള്ള നീക്കം ജോസ് വിഭാഗം സജീവമാക്കി.
പാലാ പൊൻകുന്നം റോഡിലെ ഒരു വീട്ടിൽ ഇന്നലെ ജോസ് വിഭാഗം ഉന്നത നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർത്ഥിക്കാര്യം ചർച്ച ചെയ്തു. ഇന്ന് കോട്ടയത്തെ പാർട്ടി പ്രവർത്തകരുടെ യോഗം സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിളിച്ചിട്ടുണ്ട്. നിഷയുടെ സ്ഥാനാർത്ഥിത്വത്തിന് യോഗം അംഗീകാരം നൽകിയേക്കും. നാളെ യു.ഡിഎഫ് യോഗത്തിൽ പേര് അംഗീകരിപ്പിക്കാനാണ് നീക്കം .
അതേസമയം, വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നം നൽകുമെന്ന നിലപാടിലാണ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. കോൺഗ്രസും ഘടകകക്ഷികളും ചേർന്നായിരിക്കും നാളെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നും ജോസഫ് വ്യക്തമാക്കി.
കെ.എം. മാണിയുടെ മൂത്ത മകൾ സാലി ജോസഫിന്റെ പേരും മത്സരിക്കുന്നവരുടെ പട്ടികയിൽ ചേർത്ത് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ജോസഫാണ് ഇതിന് പിന്നിലെന്നായിരുന്നു ജോസ് വിഭാഗത്തിന്റെ ആരോപണം.
കാപ്പൻ ഇന്ന് പത്രിക നൽകും,
എൻ.ഡി.എ സ്ഥാനാർത്ഥി ഇന്ന്
ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പൻ ഇന്ന് പത്രിക നൽകും. ഫ്ലക്സും ചുവരെഴുത്തുമായി പ്രചാരണ രംഗത്ത് കാപ്പൻ സജീവമായതോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതിൽ അസ്വസ്ഥരാണ് കോൺഗ്രസ് നേതാക്കൾ.
എൻ.ഡി.എ ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പി.സി. തോമസിന് സാദ്ധ്യത കല്പിച്ചിരുന്നെങ്കിലും ഇന്നലെ ചേർന്ന എൻ.ഡി.എ യോഗം ബി.ജെ.പി സ്ഥാനാർത്ഥി മത്സരിച്ചാൽ മതിയെന്നാണ് തീരുമാനിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച എൻ. ഹരിക്കാണ് പ്രഥമ പരിഗണന.