കോട്ടയം: പ്രളയക്കെടുതിയിൽ നിന്ന് കരകയറും മുമ്പേ വേളൂർ സെന്റ് ജോൺസ് യു. പി. സ്കൂളും പരിസരത്തെ നിരവധി വീടുകളും വീണ്ടും വെള്ളത്തിലായി. മീനച്ചിലാറിലേക്കുള്ള ചെറുതോടുകളിൽ നീരൊഴുക്ക് തടസപ്പെട്ടതിനൊപ്പം കഴിഞ്ഞ ദിവസങ്ങളിലെ കനത്ത രാത്രി മഴയുമാണ് വെള്ളക്കെട്ടിന് കാരണം. സ്കൂൾ മുറ്റത്ത് മൂന്നടിവരെ ഉയരത്തിൽ വെള്ളക്കെട്ടുണ്ട്. പരിസരത്തെ 46 വീടുകളിലും വെള്ളം കയറി. രണ്ടാഴ്ച മുമ്പത്തെ പ്റളയകാലത്ത് 146 പേരെ താൽക്കാലികമായി താമസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പായിരുന്നു വേളൂർ സ്കൂൾ. അന്ന് താഴത്തെ നിലയിൽ അഞ്ചടിയോളം വെള്ളമുയർന്നെങ്കിലും ആളുകൾ രണ്ടാം നിലയിൽ സുരക്ഷിതമായിരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കഴിഞ്ഞവർഷം രണ്ടാം നിലയിൽ പുതിയ ശൗചാലയങ്ങൾ നിർമ്മിച്ച് ക്യാമ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ പത്തുദിവസം സ്കൂളിന് അവധിയുമായിരുന്നു. ക്യാമ്പ് പിരിച്ചുവിട്ടശേഷം ശുചീകരണ വുംമറ്റും നടത്തി 20 നാണ് ക്ലാസുകൾ പുനരാരംഭിച്ചത്. മലിലജലവും ചെളിയും കെട്ടിക്കിടന്ന ക്ലാസ് മുറികളും ഇരിപ്പിടങ്ങളുമൊക്കെ ഉണങ്ങി തുടങ്ങുന്നതേയുള്ളു. ചില ക്ലാസ് മുറികളിൽ കഴിഞ്ഞ ദിവസം വരെ ശക്തമായ നീരുറവയും ഉണ്ടായിരുന്നു. ഇത്തരം ദുരിതക്കയത്തിൽ നിന്നൊക്കെ കഷ്ടിച്ച് കരകയറി വരുമ്പോഴാണ് നിനച്ചിരിക്കാത്തൊരു വെള്ളപ്പൊക്കം കൂടി സ്കൂൾ മുറ്റത്ത് എത്തിയത്.
വിശ്രമസമയത്തുപോലും പുറത്തിറങ്ങാനാവാതെ വിദ്യാർത്ഥികൾ വീർപ്പുമുട്ടുകയാണ്. വർഷംതോറും ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം കാരണം സ്കൂളിന്റെ ചുറ്റുമതിലും അപകടാവസ്ഥയിലാണ്. ഇത്തവണത്തെ പ്രളയത്തിലും മതിലിന്റെ ഒരു ഭാഗം നിലംപൊത്തി. കഴിഞ്ഞവർഷം തകർന്ന മതിൽ ഇതുവരെയും പുനസ്ഥാപിച്ചിട്ടുമില്ല. ആവർത്തിച്ചുണ്ടാകുന്ന വെള്ളക്കെട്ട് പരിസരമലിനീകരണത്തിനും കാരണമാകുന്നുണ്ട്. എൽ.കെ. ജി മുതൽ ഏഴാം ക്ലാസ് വരെ 450 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.
തിരുവാർപ്പ്- പതിനഞ്ചിൽ കടവ് റോഡിൽ കലുങ്ക് നിർമ്മിക്കുന്നതിനൊപ്പം പരിസരത്തെ ചെറുതോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കിയാൽ മാത്രമെ വേളൂർ സ്കൂളിലെ വെള്ളക്കെട്ടിന് പരിഹാരമാകു.