പാലാ : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കരൂർ ചൂരനോലിക്കൽ കുന്നേൽ വീട്ടിൽ റിനോയിയുടെ 3 വയസുള്ള മകൻ ജൂവൽ റിനോയുടെ ജീവൻ രക്ഷിക്കാൻ നാടൊന്നിക്കുന്നു. ആകെ 4 സെന്റ് സ്ഥലവും ഒരു ചെറിയ കിടപ്പാടവും മാത്രമാണ് ആ കുടുംബത്തിനുള്ളത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന റിനോയിയുടെ കുടുംബത്തിന് ഈ കുരുന്നിന്റെ ചികിത്സ മുന്നോട്ട് നടത്താനാകുന്നില്ല. ഏകദേശം ആയിരം രൂപയോളം ഒരു ദിവസം ചികിത്സക്കായി ചെലവാകും. റിനോയിക്ക് ജോലിക്കും പോകാൻ സാധിക്കുന്നില്ല. ജൂവലിനെ കൂടാതെ 6 വയസും 8 മാസവും പ്രായമുള്ള 2 കുട്ടികൾ കൂടി റിനോയ്ക്കുണ്ട്. സെപ്തംബർ 8ന് ചികിത്സാ ധനസമാഹരണ യജ്ഞം നടക്കും. ഫെഡറൽ ബാങ്ക് കൊട്ടാരമറ്റം ബ്രാഞ്ചിൽ പഞ്ചായത്തംഗം ആനിയമ്മ ജോസ്, ജൂവൽ സഹായനിധി കൺവീനർമാരായ ലിജോ ആനിത്തോട്ടം, ജിൻസ് കാപ്പൻ എന്നിവരുടെ പേരിൽ ഒരു ജോയിന്റ് അക്കൗണ്ടും പാലാ കൊട്ടാരമറ്റം ഫെഡറൽ ബാങ്കിൽ ആരംഭിച്ചിട്ടുണ്ട്.
8 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് കരൂർ പഞ്ചായത്തിലെ പോണാട്, അല്ലപ്പാറ വാർഡുകളിലും സമീപ പ്രദേശങ്ങളിലുമാണ് ധനസമാഹരണം നടക്കുക. 6 മണിക്കൂർ കൊണ്ട് 8 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെയും സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും സാന്നിദ്ധ്യ സഹകരണങ്ങളാണ് സംഘാടകർ പ്രതീക്ഷിക്കുന്നതെന്ന് പഞ്ചായത്ത് മെമ്പർമാരായ ആനിയമ്മ ജോസ്, ജയൻ കൊല്ലംപറമ്പിൽ, ജൂവൽ സഹായനിധി കമ്മറ്റിയംഗങ്ങളായ ലിജോ ആനിത്തോട്ടം, ജിൻസ് കാപ്പൻ, കെ.പി. സുരേന്ദ്രൻ എന്നിവർ പറഞ്ഞു. അക്കൗണ്ട് നമ്പർ: 19320100031385, ഫെഡറൽ ബാങ്ക് കൊട്ടാരമററം ബ്രാഞ്ച്, ഐ.എഫ്.സി. കോഡ്: എഫ്ഡിആർഎൽ0001932.