ചങ്ങനാശേരി : ഒരു അടി പോലും തികച്ചു വീതിയില്ലാത്ത ഒരു കുടുസ് ഇടനാഴി അതാണ് പ്രവേശനവാതിൽ. രണ്ട് വലിയ മതിലുകൾക്കിടയിൽ ആറ് ചെറിയ വീടുകളും അതിൽ കുറച്ചു ജീവിതങ്ങളും. ടോയ്ലെറ്റുകൾ പേരിന് പോലുമില്ല. പ്ലാസ്റ്റിക് കവറുകളിൽ കാര്യം സാധിച്ച് രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ ഇടങ്ങളിലും കാടുകളിലും കൊണ്ട് നിക്ഷേപിക്കും. വികസനപാതയിലെന്ന് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഘോര ഘോരം പ്രസംഗിക്കുന്ന ചങ്ങനാശേരിയുടെ ഹൃദയഭാഗമായ വണ്ടിപ്പേട്ടയിലെ കാഴ്ചകളാണിത്. നാല് വർഷമായി കിടപ്പിലായ 96 കാരി ഏലിയാമ്മ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ഇവിടെ താമസിക്കുന്നുണ്ട്.നഗരസഭയുടെ 33-ാം വാർഡുൾപ്പെടുന്ന പ്രദേശം. തിരഞ്ഞെടുപ്പാകുമ്പോൾ വോട്ടഭ്യർത്ഥനയുമായി നേതാക്കളെത്തും. പിന്നെ പൊടിപോലും കാണില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുറമ്പോക്ക് ഭൂമിയായതിനാൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
പ്രദേശവാസികളുടെ ആവശ്യം
1.പൊതു ടോയ്‌ലെറ്റുകളോ, ഇ-ടോയ്‌ലെറ്റോ സ്ഥാപിക്കണം
2.കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം
3.വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിവേണം
പൈപ്പുണ്ട്, വെള്ളമില്ല
പൊതുകിണറ്റിൽ നിന്ന് തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. നഗരസഭയിൽ നിന്ന് കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴുമാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇടുങ്ങിയ വഴിയിലൂടെ വെള്ളം തലച്ചുമടായി കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്. ചെറിയ പാത്രങ്ങളിലേക്ക് മാറ്റിയാണ് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്. മഴവെള്ളം ശേഖരിക്കാനായി ഇടവഴിയിൽ പാത്രങ്ങൾ നിരത്തിവച്ചിരിക്കുകയാണ്.
ഇഴജന്തുക്കളുടെ ശല്യം
ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായതിനാൽ ഭീതിയോടെയാണ് കഴിയുന്നത്. പാമ്പുകടിയേറ്റ് മുൻപ് ഒരാൾ മരിച്ചിട്ടുണ്ട്. അടുത്തകാലത്ത് പ്രദേശവാസിയായ സരസമ്മയെ വിഷം തീണ്ടിയിട്ടുണ്ട്. വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തെളിയുന്നത് വല്ലപ്പോഴുമാണ്. സന്ധ്യമയങ്ങിയാൽ പ്രദേശം ഇരുട്ടിലാകും.
മാനംകറുത്താൽ നെഞ്ചിൽ തീ
മാനം കറുക്കുമ്പോൾ ഇവരുടെയുള്ളിലെ കാർമേഘം ഉരുണ്ടുകൂടും. സമീപത്തെ സ്വകാര്യമില്ലിന്റെ ഭിത്തിയാണ് വീടുകൾക്ക് താങ്ങ്. കൂറ്റൻ മതിലുകൾക്കിടയിൽ നിന്ന തെങ്ങ് അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് സമീപത്തെ മതിൽ ഇടിഞ്ഞിരുന്നു. വീടുകളുടെ മേൽക്കൂരയും ഭിത്തിയും വാതിൽപ്പടികളും പൂർണമായും തകർന്ന നിലയിലാണ്. മഴക്കാലത്ത് വീടുകളിൽ വെള്ളം കയറിയാൽ കടത്തിണ്ണകളാണ് ഏക ആശ്രയം.
രണ്ടോമൂന്നോ സെന്റ് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുള്ള ചെറിയ വീട് മാത്രം ഞങ്ങൾക്ക് ലഭിച്ചാൽ മതി.(ജമീലാ ബീവി,വീട്ടമ്മ )
വണ്ടിപ്പേട്ടയിൽ പൊളിച്ച് മാറ്റിയ പൊതു ടോയ്‌ലെറ്റ് നിർമ്മിക്കുന്നതിന് നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഫണ്ടിൽ നിന്ന് 5 ലക്ഷം വകയിരിത്തിയിട്ടുണ്ട്. ടെൻഡർ നടപടികളും പൂർത്തിയായി. നിർമ്മാണം എത്രയും വേഗം ആരംഭിക്കും.
( ബാബു തോമസ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് )
ലൈഫ് പദ്ധതി പ്രകാരം വീടുകൾ നിർമ്മിക്കുന്നതിനായി ഇവരുടെ പക്കൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്.(ജെസി വർഗീസ്,വാർഡ് കൗൺസിലർ )