കോട്ടയം: കഞ്ചാവിന് അടിമയായ യുവാവ് ഭാര്യയെ കമ്പിവടിയ്‌ക്ക് അടിച്ച് കൊലപ്പെടുത്തി. കറുകച്ചാൽ ശാന്തിപുരം കാവുങ്കൽ കോലത്ത്മലയിൽ മനേഷിന്റെ (സുബിൻ -25) ഭാര്യ അശ്വതി (19)യാണ് കൊല്ലപ്പെട്ടത്. മനേഷിനെ പൊലീസ് പിടികൂടി. കസ്റ്റഡിയിലിരിക്കെ അക്രമാസക്തനായ ഇയാളെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകും മുൻപ് അശ്വതിയെ പീഡിപ്പിച്ച കേസിൽ ആറു മാസത്തോളം മനേഷ് ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ : റാന്നി ഉതിമൂട് സ്വദേശിയായ അശ്വതി പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ് മനേഷുമായി പ്രണയത്തിലായത്. തുടർന്ന് പ്രായപൂർത്തിയാകും മുൻപ് മനേഷിനൊപ്പം ഇറങ്ങിപ്പോന്നു. എന്നാൽ, കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്ന മനേഷ് അശ്വതിയെ ഉപദ്രവിക്കുന്നത് പതിവായി. ഉപദ്രവം സഹിക്ക വയ്യാതെ അശ്വതി വീട്ടിലേയ്‌ക്ക് മടങ്ങിപ്പോവുകയും പീഡനക്കേസ് നൽകുകയും ചെയ്‌തു. പൊലീസ് പോക്‌സോ നിയമപ്രകാരം മനേഷിനെ അറസ്റ്റു ചെയ്തു. ആറു മാസത്തോളം മനേഷ് റിമാൻഡിൽ കഴിഞ്ഞു.
ജാമ്യത്തിലിറങ്ങിയ ശേഷം അശ്വതിയും മനേഷും കറുകച്ചാലിൽ വീട്ടിൽ ഒന്നിച്ചു താമസമാരംഭിച്ചെങ്കിലും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. കഴിഞ്ഞ ആഴ്‌ച അശ്വതിയെ മർദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ മനേഷിന്റെ മാതാവ് കുഞ്ഞുമോളുടെ കൈ ഇയാൾ ചവിട്ടി ഒടിച്ചു. മറ്റെ കൈ വാളിന് വെട്ടുകയും ചെയ്‌തു. പരിക്കേറ്റ ഇവർ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മനേഷ്, വഴക്കുണ്ടാക്കുകയും കമ്പി വടിയ്ക്ക് അശ്വതിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും നെഞ്ചിൽ ചവിട്ടുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തു. പിതാവ് മോഹനനും മാതാവ് കുഞ്ഞുമോളും അശ്വതിയെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അശ്വതിയെ പരിശോധിക്കുന്നതിനിടെ മനേഷ് ഡോക്‌ടറുടെ കൈയിൽ കടിച്ചു. പിടിച്ചു മാറ്റാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയത്. ഇതിനിടെ ജീപ്പിന്റെ പിന്നിലെ ചില്ല് ഇയാൾ തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. വീണ്ടും അക്രമാസക്‌തനായതോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അശ്വതി മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.