കോട്ടയം: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട് നോമ്പാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വൈകിട്ട് നാലിന് കൊടിമരം ഉയർത്തൽ. നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്തായും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം നടത്തും.
എട്ടു വധൂവരന്മാര്‍ക്കുള്ള വിവാഹാവശ്യത്തിനായി നല്‍കിയ ഓരോ ലക്ഷം രൂപയ്ക്കുപുറമേ ഒരു ലക്ഷം രൂപ വീതമുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും ആറിന് ഉച്ചയ്ക്ക് 12ന് കുരുശുപള്ളികളിലേക്കുള്ള റാസ . ഏഴിന് ഉച്ചനമസ്‌കാര സമയത്ത് പ്രസിദ്ധമായ 'നട തുറക്കല്‍' . രാത്രി എട്ടിന് പ്രദക്ഷിണവും മാര്‍ഗംകളിയും പരിചമുട്ടുകളിയും. പെരുന്നാള്‍ ദിവസമായ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്. ദിവസവും പ്രസംഗവും ധ്യാനവും ഉച്ചനമസ്‌കാരവും സന്ധ്യാനമസ്‌കാരവും നടക്കും. ഒന്നു മുതല്‍ അഞ്ചു വരെ സന്ധ്യാ നമസ്‌കാരത്തിന് ശേഷം സായാഹ്ന ധ്യാനയോഗവും നടത്തും. പത്രസമ്മേളനത്തില്‍ റവ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ ചിരവത്തറ, ട്രസ്റ്റിമാരായ സി.പി. ഫിലിപ്പ് ചെമ്മത്ത്, സാബു ഏബ്രഹാം കിഴക്കേമൈലക്കാട്ട്, സെക്രട്ടറി വി.വി. ജോയി വെള്ളപ്പള്ളില്‍ എന്നിവര്‍ പങ്കെടുത്തു.