കോട്ടയം: കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ പരസ്പരം പ്രസ്താവനാ യുദ്ധം നടത്തുന്നതിനപ്പുറം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ചർച്ച നടത്താത്തതിനാൽ തീരുമാനം നീളുകയാണ്. മാണി കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് , മഹിളാ വിഭാഗം പ്രമേയം പാസാക്കി. ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ച് മത്സരിക്കുന്നതിനെ കോൺഗ്രസ് നേതാക്കൾ എതിർത്തതോടെ നിഷയുടെ പേരാണ് യോഗത്തിൽ ചർച്ചയായത്. ഇന്ന് കോട്ടയത്ത് ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിക്ക് ജോസഫ് ചിഹ്നം നൽകാതിരുന്നാൽ അത് കലാപത്തിനിടയാക്കും. സ്വതന്ത്ര ചിഹ്നത്തിൽ ജോസ് വിഭാഗത്തിന് മത്സരിക്കേണ്ട സ്ഥിതി വരെ ഉണ്ടാകാം.
പത്രികാ സമർപ്പണത്തിന് മുമ്പേ പാലായിൽ ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പൻ പ്രചാരണ രംഗത്ത് സജീവമായി . എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിട്ടു കണ്ടു. മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളോട് വോട്ട് അഭ്യർത്ഥന നടത്തി.
കഴിഞ്ഞ ദിവസം കയ്യൂർ, രാമപുരം, പാലാ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയിരുന്നു .
മാണി സി. കാപ്പൻ ഇന്ന് ളാലം ബ്ലോക്ക് ഓഫീസിൽ പത്രിക സമപ്പിക്കും. രാവിലെ 9 ന് പ്രകടനമായിട്ടാവും പത്രിക സമർപ്പണത്തിന് പോകുന്നത്.
മുഖ്യമന്ത്രി 4ന് പാലായിൽ
സെപ്തംബർ ഒന്ന് മുതൽ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും.പഞ്ചായത്ത് കൺവെൻഷനോടുകൂടിയാണ് രണ്ടാം ഘട്ട പ്രചാരണം. നാലിന് വൈകിട്ട് ഇടതു മുന്നണി പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.