തലയോലപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് ഓഫീസ് റോഡ് തകർന്ന് കുണ്ടും കുഴിയും ആയതോടെ യാത്രാദുരിതം വർദ്ധിച്ചു. ടാറിംഗ് ഇളകി റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ ഗർത്തങ്ങളിൽ വീണ് അപകടങ്ങും പതിവായി. ദിനംപ്രതി പഞ്ചായത്ത് ഓഫീസിലും സമീപത്തെ വില്ലേജ്, ബാങ്ക് എന്നിവിടങ്ങളിലേക്കും വരുന്ന നൂറ് കണക്കിന് കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർ വലയുകയാണ്. പ്രധാന മാർക്കറ്റുകളിൽ ഒന്നായ തലയോലപ്പറമ്പ് മാർക്കറ്റിലേക്ക് വാഹനങ്ങൾ വന്ന് പോകുന്ന റോഡാണ് തകർന്ന് കിടക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറെയും ഇവിടെ അപകടത്തിൽ പെടുന്നത്. മഴക്കാലം ആയതോടെ വെള്ള കെട്ടി കിടക്കുന്നതിനാൽ കുഴികൾ കാണൻ സാധിക്കാത്തത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നു. വൻ കുഴികളിൽ അകപ്പെട്ട് മാർക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്. 100 മീറ്ററോളം വരുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. വർഷകാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം ഇതു വഴിയുള്ള കാൽനടയാത്ര പോലും അസാദ്ധ്യമാണ്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുവാനുള്ള നീക്കത്തിലാണ് വ്യാപരികളും നാട്ടുകാരും.
*100 മീറ്റർ റോഡ്
*തകർന്നിട്ട് വർഷങ്ങളായി
*കാൽനടയാത്ര പോലും അസാദ്ധ്യം
* സമരത്തിനോരുങ്ങി നാട്ടുകാർ