കടുത്തുരുത്തി : മദ്യലഹരിയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ഒളിവിൽ. കടുത്തുരുത്തി വെള്ളാശേരിയിൽ പുത്തൻതറ മനോഹരനാണ് വീടിന് തീയിട്ട ശേഷം ഒളിവിൽ പോയത്. മേസ്തിരി പണിക്കാരനായ മനോഹരൻ ജോലി കഴിഞ്ഞ് മദ്യലഹരിയിൽ എത്തി ഭാര്യയുമായി വഴക്കിട്ട ശേഷം വീടിനു തീയിടുകയായിരുന്നു. തീ ആളിപ്പടർന്നപ്പോൾ ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു. കട്ടിലും കിടക്കയും വീടിന്റെ വയറിങ്ങും കത്തിനശിച്ചു. കിടക്കയിൽ നിന്നു തീ പടർന്നു പിടിക്കുകയായിരുന്നു. ഭയന്നു നിലവിളിച്ചോടിയ മനോഹരന്റ ഭാര്യയും മക്കളും സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുട്ടുച്ചിറയിൽ നിന്ന് അഗ്‌നിശമന സേനയും കടുത്തുരുത്തി പൊലീസും എത്തി.നാട്ടുകാരുടെ സഹായത്താൽ അഗ്‌നിശമന സേന തീയണക്കുകയായിരുന്നു. കുടുംബ കലഹം പതിവായതിനെ തുടർന്ന് മനോഹരൻ വീട്ടിൽ കയറരുതെന്ന് കോടതി ഉത്തരവുള്ളതായും ഒളിവിലായ മനോഹരനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.