കോട്ടയം: കണ്ടില്ലേ പ്രളയം ബാക്കിവെച്ച എന്റെ സമ്പാദ്യം!.. തന്റെ വീട്ടിലേക്ക് കൈചൂണ്ടുമ്പോൾ തമ്പിയുടെ കണ്ണുകൾ വേദനനിറയുന്നു. പ്രളയത്തിൽ വെള്ളംകയറിയ തിരുവാർപ്പ് മധുരത്തറ എം. എസ്. തമ്പിയുടെ വീട് കഴിഞ്ഞദിവസം പൂർണ്ണമായി നിലംപൊത്തുകയായിരുന്നു. കഴിഞ്ഞപ്രളയത്തിൽ ദിവസങ്ങളോളം വെള്ളംകെട്ടി നിന്ന് വീടിന്റെ ഭിത്തിയും മേൽക്കൂരയും അപകടാവസ്ഥയിലായിരുന്നു. ഈ മാസം ആദ്യമുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലും മുറ്റത്തും അഞ്ച് അടിയോളം ഉയരത്തിൽ വെള്ളം കയറി. ഇതോടെയാണ് വീട് പൂർണ്ണമായും നിലംപൊത്തിയത്. തമ്പി, ഭാര്യ മോളി, മകൻ മിഥുൻ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. അപകട സമയത്ത് മൂവരും അടുത്തുള്ള ബന്ധുവീട്ടിൽ ആയിരുന്നതിനാൽ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് മഴ കനത്തപ്പോൾ മൂവരും തമ്പിയുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെ വീട് തകർന്ന കാര്യം അയൽവാസികളാണ് തമ്പിയെ ഫോണിൽ വിളിച്ച് അറിയിച്ചത്. നാഗമ്പടം സ്റ്റേഡിയത്തിന് സമീപത്തെ കരിക്ക് കച്ചവടക്കാരനാണ് തമ്പി. മിഥുൻ കോട്ടയം ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. 9 സെന്റ് സ്ഥലവും അതിലെ പഴയ വീടും മാത്രമായിരുന്നു കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം.