തലയോലപ്പറമ്പ് : ഓട്ടത്തിനിടെ ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. തൃപ്പൂണിത്തുറ ശ്രീവിദ്യാ വിനായകയിൽ രതീഷ് (35)നാണ് പരിക്കേറ്റത്. പരിക്കേറ്റ രതീഷിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 12 മണിയോടെ വെട്ടിക്കാട്ടുമുക്ക് നീർപ്പാറ റോഡിൽ വടകര അമ്മംകുന്ന് ഭാഗത്താണ് അപകടം നടന്നത്. കോട്ടയത്തു നിന്നും ചാലക്കുടിയിലേക്കു പോവുകയായിരുന്ന കാറിന്റെ മുൻഭാഗത്തെ വലതുവശത്തെ ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.