വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീയുടെ ഉൽപ്പന്ന വിപണനമേള ശ്രേദ്ധേയമാകുന്നു. വൈക്കം നഗരത്തിലെ തോട്ടുവക്കത്തെ നന്മ, ശിവശ്രീ, ശ്രീദുർഗ, ശ്രീലക്ഷ്മി, നാരായണീയം തുടങ്ങി 15 ഓളം കുടുംബശ്രീ ഗ്രൂപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന വിപണനമേളയാണ് ജനപ്രിയമാകുന്നത്. നഗരസഭാ ഓഫീസിന് മുൻവശത്ത് ആരംഭിച്ച വിപണനമേള നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വനിതകൾ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങൾ, ഉപ്പേരികൾ, കറിപ്പൊടികൾ, സോപ്പുപൊടികൾ, കുടംപുളി, അച്ചാറുകൾ, വിവിധ തരം ലോഷനുകൾ, വെളിച്ചെണ്ണ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്താതെ മിതമായ നിരക്കിൽ വിപണനം നടത്തുന്നതു കൊണ്ട് കുടുംബശ്രീ ഉൽപന്നങ്ങൾ ഉടൻ വിറ്റുതീരുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധന ഉണ്ടായതോടെ വ്യത്യസ്തമായ ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഗ്രൂപ്പുകൾ അതീവ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.