വൈക്കം: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവൃദ്ധരുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. വൈക്കം തെക്കേനടയ്ക്കു സമീപത്തെ ഇടവഴിയിലൂടെ ക്ഷേത്ര ദർശനം കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ ഗോപാലകൃഷ്ണകുറുപ്പി(63) ന്റെ രണ്ടരപവന്റെ മാല ഇന്നലെ വൈകിട്ട് 7.15നാണ് അപഹരിച്ചത് .ഗോപാലകൃഷ്ണകുറുപ്പിനെ ബൈക്കിലെത്തിയ മോഷ്ടാക്കൾ തള്ളി വീഴ്ത്തിയാണ് മാല കവർന്നത്. മാല പൊട്ടിക്കുന്നതിനിടെ ഇയാളുടെ കഴുത്തിന് പരിക്കേറ്റു. വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള കാളിയമ്മനട ദേവീക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയ ആശ്രമം സ്‌കൂളിന് സമീപം താമസിക്കുന്ന രമണി (72) യുടെ ഒന്നേകാൽപ്പന്റെ മാല 7.30 ഓടെയാണ് അപഹരിക്കപ്പെട്ടത്.രണ്ടു മോഷണങ്ങളുടേയും പിന്നിൽ ഒരേ മോഷ്ടാക്കൾ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സന്ധ്യ നേരത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് ആളുകൾ നടന്നു പോകാത്ത ഇടവഴികളിലൂടെ പോകുന്നവരെയാണ് മോഷ്ടാക്കൾ ആക്രമിച്ചു പരിഭ്രാന്തരാക്കി ആഭരണം കവരുന്നത്.സംഭവത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.