ചങ്ങനാശേരി : മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ലോറി സ്റ്റാൻഡ് തെരുവുനായകളുടേയും ആടുകളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവർക്ക് കൂട്ടായി മാലിന്യവുമുണ്ട്! നഗരസഭയുടെ 30 വാർഡിൽ സ്ഥിതി ചെയ്യുന്ന ലോറി സ്റ്റാൻഡിൽ പക്ഷേ 'ലോറി' മാത്രമില്ല. മൂന്ന് വർഷം മുമ്പ് കോൺക്രീറ്റിംഗ് നിർമ്മാണം നടന്നതല്ലാതെ പിന്നീട് പ്രവർത്തനങ്ങൾ നിലച്ചതാണ് സ്റ്റാൻഡ് നാശത്തിലേക്ക് കൂപ്പുകുത്താൻ കാരണമായത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ലോറി സ്റ്റാൻഡ് നിർമാണം ആരംഭിച്ചത്. മാർക്കറ്റിലേക്കു ചരക്കുമായി എത്തുന്ന ലോറികൾ ഇവിടെ പാർക്ക് ചെയ്ത് സൗകര്യാർഥം വ്യാപാരസ്ഥാപനങ്ങളിൽ ചരക്കിറക്കി മടങ്ങുന്ന രീതിയിൽ ക്രമീകരിക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.
ലോറി സ്റ്റാൻഡ് മാത്രമല്ല, മാർക്കറ്റിന്റെ കാര്യവും പരിതാപകരമാണ്. ദിവസേന നിരവധി ആളുകൾ എത്തുന്ന ഇവിടെ ഒരു കംഫർട്ട് സ്റ്റേഷൻ പോലുമില്ല. പച്ചക്കറി മാർക്കറ്റ്, വണ്ടിപ്പേട്ട, വട്ടപ്പള്ളി, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ മുമ്പുണ്ടായിരുന്ന നാല് കംഫർട്ട് സ്റ്റേഷനുകൾ നഗരസഭ പൊളിച്ചു നീക്കിയിരുന്നു. കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നതിനായി നഗരസഭ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ല.
കെട്ടിടങ്ങളും നാശത്തിന്റെ വക്കിൽ
ഇവിടെയുള്ള കെട്ടിടങ്ങളിൽ ചിലത് ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഇത് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നതായും പരാതിയുണ്ട്. സ്റ്റാൻഡിന്റെ പ്രവർത്തനം തുടങ്ങാത്തതിനാൽ ലോറികൾ രാപകൽ റോഡിന്റെ ഇരുവശത്തും പാർക്ക് ചെയ്യുകയാണ്. ഇത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും ആക്ഷേപമുണ്ട്. പഴയ പച്ചക്കറി മാർക്കറ്റ് കെട്ടിടങ്ങൾ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ നിലയിലാണ്. ലോറി സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിച്ചാൽ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നും ഇത് പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടേയും ലോറി ഡ്രൈവർമാരുടേയും ആവശ്യം.