പാലാ: പാലാ ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാർത്ഥി മാണി സി.കാപ്പനും ഭാര്യയ്‌ക്കു കൂടിയുള്ളത് 27 കോടിയിലധികം രൂപ മതിപ്പുള്ള ഭൂസ്വത്ത്. രണ്ടുപേർക്കും കൂടി പല ബാങ്കുകളിലായുള്ള നിക്ഷേപം 42.44 ലക്ഷം. സ്വർണം കാപ്പന് 15 പവനും ഭാര്യ ആലീസിന് 100 പവനും. നാമനിർദേശ പത്രികയ്ക്കൊപ്പം മാണി സി. കാപ്പൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരം.
കാപ്പന്റെ പേരിലുള്ളത് 16.70 കോടിയുടെ ഭൂമിയാണ്. ഭാര്യയുടെ പേരിലെ ഭൂമിക്ക് മതിപ്പുവില 10.50 കോടി. കാപ്പന് ഇന്ത്യ വിഷൻ, മാംഗ്ളൂർ റിഫൈനറി എന്നിവിടങ്ങളിലും ഭാര്യയ്ക്ക് എ.വി.ടി ,ഐ.എൻ.ജി ലൈഫ്, റിലയൻസ്, നാഗാർജുന, മോർഗൻ സ്റ്റാൻലി എന്നിവിടങ്ങളിലും ഓഹരികളുണ്ട്. കാപ്പന്റെ പേരിലുള്ള കാറുകൾ മാരുതി സ്വിഫ്‌റ്റും ഇന്നോവ ക്രിസ്റ്റയും.
ദമ്പതികളുടെ ബാദ്ധ്യത 5.61 കോടി.
ഇന്നലെ രാവിലെ ളാലം പഴയ പള്ളിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുർബാനയിലും നൊവേനയിലും പങ്കെടുത്ത്, മാതാപിതാക്കളുടെ കല്ലറയിൽ പ്രാർത്ഥിച്ചതിനു ശേഷമാണ് മാണി സി. കാപ്പൻ ളാലം ബ്ളോക്ക് ഓഫീസിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഗവ.ആശുപത്രിക്കു മുന്നിൽ നിന്ന് റോഡ് ഷോ ആയിട്ടായിരുന്നു പത്രികാ സമർപ്പണയാത്ര. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, വക്കച്ചൻ മറ്റത്തിൽ എന്നിവർക്കൊപ്പം 11 മണിയോടെ ളാലം ബി.ഡി.ഒ ദിൽഷാദിന് മാണി സി. കാപ്പൻ രണ്ടു സെറ്റ് പത്രികകൾ സമർപ്പിച്ചു.