കോട്ടയം: സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭാ സംഘവും ഇവരെ തടയാൻ പള്ളിയുടെ ഗേറ്റ് പൂട്ടി യാക്കോബായ സംഘവും തിരുവാർപ്പ് മർത്തശ്‌മുനി പള്ളിയിൽ തമ്പടിച്ചതോടെ പ്രദേശത്ത് ഉടലെടുത്ത സംഘർഷാവസ്ഥ ഒടുവിൽ പൊലീസിന്റെയും സബ് കളക്‌ടറുടെയും ഇടപെടൽ മൂലം ഒഴിവായി.

ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ചു വൈദികരും, മുപ്പതോളം വരുന്ന ഓർത്ത‌‌‌‌ഡോക്‌സ് സഭാ അംഗങ്ങളും പള്ളിയ്‌ക്ക് മുന്നിൽ എത്തുകയായിരുന്നു. ഇവർ എത്തുന്ന വിവരം അറിഞ്ഞ് പള്ളിയിലേയ്‌ക്ക് പ്രവേശിക്കാനുള്ള ഗേറ്റുകൾ എല്ലാം പൂട്ടിയ ശേഷം, യാക്കോബായ സഭയുടെ കൊടികളേന്തിയ വിശ്വാസികൾ പള്ളിയ്‌ക്കുള്ളിൽ തമ്പടിച്ചു. ഓ‌ർത്തഡോക്‌സ് വിശ്വാസികൾ പള്ളിയ്‌ക്കു മുന്നിലേയ്‌ക്ക് കടന്ന് വന്നതോടെ മുദ്രാവാക്യം വിളികളുമായി യാക്കോബായ വിശ്വാസികൾ പള്ളിയ്‌ക്കുള്ളിൽ നിന്നു. സംഘർഷം ഒഴിവാക്കാൻ ഡിവൈ.എസ്.പിമാരായ ആർ.ശ്രീകുമാർ, സക്കറിയ മാത്യു, സി.ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കാവൽ നിന്നു. ഇവിടെ നിന്ന് ഓർത്തഡോക്സ് സഭാ വൈദികർ പ്രസംഗിക്കാൻ ശ്രമിച്ചതോടെ യാക്കോബായ വിശ്വാസികൾ ഗേറ്റിനുള്ളിൽ നിന്നു മുദ്രാവാക്യം മുഴക്കി. ഇടയ്ക്കിടെ രണ്ടു വിഭാഗം വിശ്വാസികളും തമ്മിൽ വാക്കേറ്റവും നേരിയ തോതിൽ അസഭ്യം വിളിയും ഉണ്ടായി. തുടർന്ന് സബ് കളക്ടർ ഈശ പ്രിയയുമായി ഇരുവിഭാഗവും ചർച്ച നടത്തി. തുടർന്ന് ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനായി പിരിഞ്ഞ് പോകാമെന്ന് ഓർത്തഡോക്സ് സഭാ വിശ്വാസികൾ സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച കോടതി വിധിയുമായി വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് വിശ്വാസികളും വൈദികരും പിരിഞ്ഞ് പോയത്.