പാലാ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മേൽക്കൈ നേടിയ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി.കാപ്പൻ പത്രിക സമർപ്പിച്ച് വോട്ടുറപ്പിക്കാനുള്ള തിരക്കിലായിരുന്നു ഇന്നലെ. പള്ളിയിലെത്തി പ്രാർത്ഥിച്ചും കല്ലറയിലെത്തി പിതൃക്കളുടെ അനുഗ്രഹം വാങ്ങിയും പത്രികസമർപ്പിക്കാനെത്തിയ കാപ്പൻ വർണാഭമായ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.
രാവിലെ 9 ന് ഗവ.ആശുപത്രിപ്പടിക്കൽ കാപ്പനെത്തുമ്പോൾ റോഡ് ഷോയ്ക്കായി ഇടതുമുന്നണി പ്രവർത്തകരും നേതാക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർത്ഥിച്ചു. കുരിശുപള്ളിക്കവലയിൽ എത്തിയപ്പോൾ മിഠായികൾ നൽകിയായിരുന്നു സ്വീകണം. തോട്ടുങ്കൽ പീടികയിൽ എത്തിയ സ്ഥാനാർത്ഥിയെ ഉടമ സാജു മധുരം നൽകി വരവേറ്റു. കുരിശുപള്ളിയിൽ കയറി ഒരു നിമിഷം പ്രാർത്ഥിച്ചു. പളളിയിൽ നിന്നിറങ്ങിയ സ്ഥാനാർത്ഥി നേർച്ചയിട്ടു. കാത്തു നിന്ന ഓട്ടോ തൊഴിലാളികൾ നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം സംഭാവനയായി നൽകി.
തുടർന്ന് പുതിയ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലേക്ക് നീങ്ങി. ഇടതുനേതാക്കളായ വി.എൻ വാസവൻ, കെ.ജെ.തോമസ്, സി.കെ ശശിധരൻ, വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. മുദ്രാവാക്യം വിളിയോടെ പ്രവർത്തകർ കാപ്പനെ വരവേറ്റു. തുടർന്ന് വി.എൻ വാസവൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. അതിനു ശേഷം അഡ്വ.അജി ജോസ്, അഡ്വ. തോമസ് വി ടി എന്നിവരുടെ നേതൃത്വത്തിൽ നാമനിർദ്ദേശ പത്രിക എത്തിച്ചു. അവസാനവട്ട പരിശോധനകൾക്കു ശേഷം സ്ഥാനാർത്ഥിക്ക് പത്രിക കൈമാറി. സ്ഥാനാർത്ഥിയും പത്രിക ഒരിക്കൽക്കൂടി പരിശോധിച്ച ശേഷം പത്രികയിൽ ഒപ്പുവച്ചു. തുടർന്ന് പത്രിക സമർപ്പിക്കുന്നതിനായി ളാലം ബ്ലോക്ക് ഓഫീസിലേക്ക് പുറപ്പെട്ടു. 11 ന് ശേഷമേ പത്രിക സ്വീകരിക്കാൻ സാധിക്കൂ എന്നുള്ളതിനാൽ ഓഫീസിൽ സ്ഥാനാർത്ഥി ഇരുന്നു. ഒപ്പം വാസവനും, സി.കെ ശശിധരനും, വക്കച്ചൻ മറ്റത്തിലും. പതിനൊന്ന് ആയപ്പോൾ വരണാധികാരി കൂടിയായ ളാലം ബി.ഡി. ഒ ദിൽഷാദ് നടപടി ക്രമങ്ങൾ ആരംഭിച്ചു. ഇതിനു ശേഷം വരണാധികാരിക്ക് കാപ്പൻ രണ്ടു സെറ്റ് പത്രികകൾ സമർപ്പിച്ചു. ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലി. പത്രികാസമർപ്പണത്തിനു ശേഷം വീണ്ടും പ്രചാരണ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു. മരണവീടുകളിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് നെല്ലിയാനി ലയൺസ് ക്ലബിന്റെ ജനറൽ ബോഡി യോഗത്തിൽ എത്തി വോട്ടഭ്യർത്ഥിച്ചു.