കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ നസ്രാണി മഹാസംഗമം ഇന്ന് നടക്കും. വിവിധ സഭകളുടെ തലവന്മാർ ഉൾപ്പെടെ മഹാസംഗമത്തിൽ 16000 പ്രതിനിധികൾ പങ്കെടുക്കും. ഇന്ന് രാവിലെ അന്താരാഷ്ട്ര മരിയൻ സിമ്പോസിയം ദേവമാതാ കോളേജ് മൾട്ടിമീഡിയ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന സമ്മേളനം സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിക്‌സ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. യാക്കോബായ സഭ മെത്രോപ്പോലീത്തൻ ട്രസ്റ്റീ ജോസഫ് മാർ ഗ്രീഗോറിയസ് അനുഗ്രഹ പ്രഭാഷണം നടത്തും. മാർത്തോമ്മാ സഭാ തലവൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്‌നാനായ യാക്കോബായ സഭാ തലവൻ കുര്യാക്കോസ് മാർ സെവേറിയോസ് മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സഭാ തലവൻ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, പൗരസ്ത്യ അസീറിയൻ സഭാ തലവൻ മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവർ സംഗമത്തിൽ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള അഷ്ടഭവനങ്ങളുടെ താക്കോൽ ദാനം നടത്തും.
സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൻ, ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ കാർമികത്വത്തിൽ ഇന്ന് മുതൽ എട്ടുവരെ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. സെപ്തംബർ എട്ടിന് മേരിനാമധാരി സംഗമവും നടക്കും.
ഗതാഗത നിയന്ത്രണം
നസ്രാണി സംഗമത്തിന്റെ ഭാഗമായി ഇന്ന് ബൈപാസ് റോഡിലും പളളി റോഡിലും പാർക്കിംഗ് നിരോധിച്ചു. എം.സി റോഡിൽ തിരക്കേറുന്ന സമയത്ത് പാറ്റാനി ജംഗ്ഷനിൽ നിന്ന് ബൈപാസ് റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിടും. സ്‌കൂൾ, കോളേജ് ഗ്രൗണ്ടുകളിലെ പാർക്കിങ്ങിനുശേഷം അധികമായി വരുന്ന വാഹനങ്ങൾ കോഴാ മുതൽ കുര്യം വരെ എം.സി റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്യും. ഇന്ന് ഒരു മണി മുതൽ വൈകിട്ട് മൂന്ന് വരെ കുറവിലങ്ങാട് ടൗണിൽ വൺവേ ക്രമീകരിക്കും.