പൊൻകുന്നം: അന്തർദേശീയനിലവാരത്തിൽ നിർമ്മിച്ച റോഡ് വെട്ടിപ്പൊളിച്ച് വാട്ടർ അതോറിട്ടി പൈപ്പിടും. ടാറിംഗ് പൊളിച്ച ഭാഗത്ത് കോൺക്രീറ്റ് മിശ്രിതമിട്ട് കുഴിയടയ്ക്കും. വീണ്ടും വീണ്ടും പൈപ്പ് പൊട്ടുന്നതും കുഴിയടയ്ക്കുന്നതും നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്ന കൗതുകക്കാഴ്ചയായിമാറി.
പൊൻകുന്നം-എരുമേലി തീർത്ഥാടനപാതയ്ക്കാണ് ഈ തീർത്താൽ തീരാത്ത ദുർഗതി. കരിമ്പുകയം കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പ് കടന്നുപോകുന്ന ഗ്രാമദീപം മുതൽ മണ്ണംപ്ലാവ് പാലം വരെയുള്ള 2 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ്‌പൊട്ടലും കുഴിയടയ്ക്കലും പതിവാകുന്നത്.
ഈ രണ്ടുകിലോമീറ്ററിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത കുഴികളാണ്. രൂപപ്പെടുന്ന കുഴികൾ കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അപ്പപ്പോൾ അടയ്ക്കുന്നുണ്ടെങ്കിലും ഒരാഴ്ച കഴിയുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ടാറിംഗും കോൺക്രീറ്റും തമ്മിൽ ബന്ധമില്ലാത്തതാണ് അടയ്ക്കുന്നഭാഗം പെട്ടെന്ന് പൊളിയാൻ കാരണം. പൈപ്പിടാൻ റോഡ് പൊളിച്ചാൽ വാട്ടർ അതോറിട്ടി തന്നെ കുഴിയടയ്ക്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് വാട്ടർ അതോറിട്ടിയുടെ കരാറുകാരാണ് കുഴിയടയ്ക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇവരുടെ പണിയെന്നും കുഴിയടച്ചു എന്നു വരുത്തിത്തീർക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കോൺക്രീറ്റിംഗ് ചിലഭാഗങ്ങളിൽ റോഡിൽനിന്നും ഉയർന്നും ചിലഭാഗങ്ങളിൽ താഴ്ന്നുമാണ്. ഇത് വാഹനങ്ങൾക്ക് അപകടഭീഷണിയാണ്.
ഗ്രാമദീപം ജംഗ്ഷനിലുള്ള പമ്പ് ഹൗസിന്റെ പ്രധാന ജലവിതരണ കുഴലാണ് അടിക്കടി പൊട്ടുന്നത്. 2 വർഷം മുമ്പ് സ്ഥാപിച്ച പുതിയ കുഴലുകൾ പൊട്ടുന്നത് ഗുണനിലവാരം ഇല്ലാത്തതു കൊണ്ടാണെന്നു നാട്ടുകാർ ആരോപിക്കുന്നു.