കോട്ടയം: നിർദ്ദേശം നടപ്പിലാക്കാൻ കളക്ടർ അനുവദിച്ച ഒരുമാസത്തെ സമയപരിധി ഇന്നലെ അവസാനിച്ചു, ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് ഇന്ന് മുതൽ മീറ്റർ നിർബന്ധം.

സവാരിയുടെ ദൈർഘ്യം കൃത്യമായി മനസിലാക്കി യഥാർത്ഥ കൂലിമാത്രം നൽകാനുള്ള ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇതിന്റെ പ്രായോഗീകത എത്രമാത്രമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയാം. മുൻപും പലതവണ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയതായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും നടപ്പിലായിട്ടില്ല. തൊഴിലാളികളുടെ സംഘടിത നീക്കത്തിന് മുമ്പിൽ നിയമം മുട്ടുമടക്കുകയായിരുന്നു. ഇത്തവണ കർശനമായി നടപ്പാക്കുമെന്നാണ് കളക്ടർ നൽകുന്ന സൂചന. അളവുതൂക്ക വിഭാഗം പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയ മീറ്ററുകളാണ് വാഹനത്തിൽ ഘടിപ്പിക്കേണ്ടത്.

നിലവിലെ സാഹചര്യത്തിൽ മീറ്റർ ഘടിപ്പിച്ച് വാഹനം ഓടിക്കാനാവില്ലെന്ന് തൊഴിലാളികളുടെ നിലപാട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് പ്രധാന തടസമായി ഉന്നയിക്കുന്നത്. നഗരത്തിൽ എത്തുന്ന അപരിചിതരായ യാത്രക്കാരിൽ നിന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയാണ് മീറ്റർ കർശനമാക്കാൻ കാരണം. എന്നാൽ നഗരത്തിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകൾ അമിതകൂലി ഈടാക്കാറില്ലെന്നും രാത്രിയും പകലും അനധികൃതമായി സർവീസ് നടത്തുന്നവരാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് തൊഴിലാളികളുടെ വിശദീകരണം. നിലവിൽ ഈ രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാതെ മീറ്റർ നിർബന്ധമാക്കുന്നത് പ്രായോഗികമാകില്ലെന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ നൽകുന്ന സൂചന.

എം.പി സന്തോഷ് കുമാർ, ഐ.എൻ.ടി.യു.സി

തൊഴിലാളികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ ഏതാനും തൊഴിലാളികളുമായി ചർച്ചചെയ്ത് ജില്ലയിൽ മുഴുവൻ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ തീരുമാനിച്ചാൽ ശരിയാവില്ല. എല്ലാ പ്രദേശങ്ങളിലേയും തൊഴിലാളി പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കന്മാരുമായി ചർച്ച നടത്തണം. തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരം നൽകണം.