കോട്ടയം : വായുമലിനീകരണം നിരന്തരം നിരീക്ഷിക്കുന്നതിനുള്ള കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന മൊബൈൽ ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ (എം.എ.എ.ക്യു.എം.എസ്) എം.ജി സർവകലാശാലയിൽ. വിവിധ സ്ഥലങ്ങളിലെ വായുമലിനീകരണത്തിന്റെ അളവ് നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്താനും ആരോഗ്യ മുന്നറിയിപ്പുകൾ നൽകാനും സഹായകമായ മൊബൈൽ സംവിധാനമാണ് എം.ജി സർവകലാശാല സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസിന്റെ കീഴിൽ തയ്യാറായത്. വാഹനത്തിന്റെ ഫ്ളാഗ് ഒഫ് മൂന്നിന് രാവിലെ 9.30ന് സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസ് അങ്കണത്തിൽ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ്, സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, പ്രൊഫ. കെ. ജയചന്ദ്രൻ, സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് ഡയറക്ടർ ഡോ. ഇ.വി. രാമസ്വാമി, സജിമോൻ, ഡോ. മഹേഷ് മോഹൻ, ഡോ. കെ.ആർ. ബൈജു, ഡോ. വി.പി. സൈലസ് എന്നിവർ പങ്കെടുക്കും.

ചെറിയമാറ്റങ്ങളും കണ്ടുപിടിക്കാം

അന്തരീക്ഷത്തിലെ രണ്ടുതരത്തിലുള്ള പൊടിപടലങ്ങൾ, കാർബൺ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, ഓസോൺ എന്നിവയുടെ തോത് നിരീക്ഷിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയും. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടാകുന്ന വായു മലിനീകരണത്തിലെ ചെറിയ മാറ്റങ്ങൾ പോലും കണ്ടുപിടിക്കാനാകും.

നിലവിലുള്ളത് തിരുവനന്തപുരത്ത്

കേരളത്തിൽ നിലവിൽ ആകെ 34 സ്ഥലങ്ങളിലാണ് അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് നിരീക്ഷിക്കുന്നത്. തുടർച്ചയായി വായു മലിനീകരണ നിരീക്ഷണ സംവിധാനമുള്ളത് തിരുവനന്തപുരത്ത് മാത്രമാണ്. ഇത് സ്ഥിരം സംവിധാനമായതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. ഈ പരിമിതി മറികടക്കുന്നതാണ് എം.ജി.യുടെ എം.എം.എ.ക്യു.എം.എസ് വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത സമയത്തെ മലിനീകരണതോത് മൊബൈൽ സ്റ്റേഷനിലെ അത്യാധുനിക ഉപകരണങ്ങളിലൂടെ കണ്ടെത്താനാകും.

1.ഏതുസ്ഥലത്തേയും വായു മലിനീകരണം അറിയാം

2.വാഹനത്തിന്റെ ഫ്ലാഗ് ഒഫ് മൂന്നിന്