പൊൻകുന്നം:അറിഞ്ഞും അറിയാതെയും ആടിയും പാടിയും കളിച്ചും ചിരിച്ചും അവർ ഓണം ആഘോഷിച്ചു. പൊൻകുന്നം ആശാനിലയത്തിൽ നടന്ന ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകളുടെ ഓണാഘോഷം വേറിട്ട അനുഭവമായി മാറി. മാവേലിയായും വാമനനായും വേഷമിട്ട കുട്ടികൾ അത്തപ്പൂക്കള മത്സരത്തിലും പങ്കെടുത്തു.പായസവും പപ്പടവും പഴവും കൂട്ടി വിഭവസമൃദ്ധമായ സദ്യുയുണ്ട് വയറുനിറച്ചു. ആശാനിലയം സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ കലാകായിക മത്സരങ്ങളിൽ വടംവലിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു. പൊൻകുന്നം ഹോളിഫാമിലി ഫൊറോനാ ചർച്ച് വികാരി റവ. ഫാ. ജോണി ചെറിപുറം ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്‌കൂൾ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിറ്റി സേവ്യർ, മോളിക്കുട്ടി തോമസ്, സുശീല കുര്യച്ചൻ എന്നിവർ സംസാരിച്ചു. വടംവലി മത്സരം ആശാനിലയം സ്‌കൂൾ മുൻ ഡയറക്ടർ ഫാ. ഫിലിപ്പ് തീമ്പലങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
വടംവലി മത്സരത്തിൽ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ ഒന്നാം സ്ഥാനവും പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്റർ രണ്ടാം സ്ഥാനവും പൊൻകുന്നം ആശാനിലയം മൂന്നാം സ്ഥാനവും നേടി. വഞ്ചിപ്പാട്ട് മത്സരത്തിൽ പൊൻകുന്നം ആശാനിലയം, ഏറ്റുമാനൂർ സാൻജോസ് വിദ്യാലയ, തീക്കോയി ദീപ്തി ഡി.സി.എം.ആർ. എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. റോയി മാത്യു വടക്കേൽ, സിസ്റ്റർ ലിറ്റി സേവ്യർ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 16 സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി 300 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.