കോട്ടയം : ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി.കാപ്പൻ ഇന്നലെ നാമനിർദ്ദേശപത്രിക നൽകി പാലായിൽ ആവേശത്തിരയുയർത്തി മുന്നേറുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള മാരത്തൺ ചർച്ചകൾ തുടരുന്നു. ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ജോസ് വിഭാഗം അവസാനം അറിയിച്ചത്. അതേ സമയം പൊതുസ്വീകാര്യ സ്ഥാനാർത്ഥിക്കേ ചിഹ്നം അനുവദിക്കൂ എന്ന കടുംപിടുത്തം ജോസഫ് തുടരുകയാണ്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിനായി രൂപീകരിച്ച തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായുള്ള സമിതി നടത്തുന്ന ആശയവിനിമയത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. 95 ശതമാനം പേരും നിഷയുടെ പേരാണ് സമിതിയോട് നിർദ്ദേശിച്ചത്.

യു.ഡി.എഫ് ഉപസമിതി ഇന്നലെ കോട്ടയം ഡി.സി.സിയിൽ കൺവീനർ ബെന്നി ബഹനാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും സ്ഥാനാർത്ഥി കാര്യമല്ല തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് ചർച്ച ചെയ്തത്. ജോസഫ് വിഭാഗം തൊടുപുഴയിലും ജോസ് വിഭാഗം കോട്ടയത്തും യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. യു.ഡി.എഫ് ഉപസമിതി ഇന്ന് കോട്ടയത്ത് കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് വിഭാഗം അറിയിച്ചപ്പോൾ രണ്ടു ദിവസത്തിനകം തീരുമാനമെന്നായിരുന്നു ബെന്നി അറിയിച്ചത്. ജോസഫാകട്ടെ മറ്റൊരു സ്ഥാനാർത്ഥി ലിസ്റ്റ് യു.ഡി.എഫിന് നൽകിയെന്നും പ്രചാരണമുണ്ട്.