കോട്ടയം: ഒരുമാസത്തോളം നീണ്ട തീവ്രപരിശീലനത്തിന് ശേഷം പുന്നമടക്കായലിൽ മത്സരത്തിനിറങ്ങിയ കോട്ടയത്തെ ജലരാജാക്കന്മാരുടെ പരാജയം ജലോത്സവപ്രേമികളെ നിരാശരാക്കി. കൈപ്പുഴമുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ - 'ദേവാസ് ' നാലാം സ്ഥാനത്ത് എത്തിയതുമാത്രമാണ് ഇത്തവണ കോട്ടയത്തിന്റെ ആശ്വസം. വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ - 'വിയപുരം', കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ - 'പായിപ്പാടൻ' മണിയാപറമ്പ് നവജീവൻ ബോട്ട് ക്ലബ്ബിന്റെ- 'ജവഹർ തായങ്കരി', കുമരകം ബോട്ടുക്ലബ്ബും കൊല്ലം സെന്റ് ഫ്രാൻസിസ് ബോട്ടുക്ലബ്ബും സംയുക്തമായി തുഴഞ്ഞ- 'കാട്ടിൽ തെക്കേതിൽ' എന്നീ ചുണ്ടൻവള്ളങ്ങളാണ് കോട്ടയത്തുനിന്ന് മത്സരത്തിൽ പങ്കെടുത്തത്.