ചന്ദ്രകല കൈകാലുകൾ അടിച്ചു പിടഞ്ഞു. പ്രജീഷിന്റെ കൈകൾ പിടിച്ചുമാറ്റാൻ ഒരു ശ്രമം നടത്തി.
കഴിഞ്ഞില്ല...
കടപ്പല്ലുകൾ ഞെരിച്ച്, അവളുടെ കഴുത്തിൽ വീണ്ടും വീണ്ടും അമർത്തുകയാണ് അയാൾ.
''കൊല്ലും നിന്നെ ഞാൻ."
ചന്ദ്രകലയുടെ കണ്ണുകൾ തുറിച്ചു വരുന്നത് പരുന്ത് റഷീദും അണലി അക്ബറും കണ്ടു.
''സാറേ... ഇവര് ചത്തുപോകും. വിട് സാറേ..."
അവർ ഇരുവരും പറഞ്ഞിട്ടും പ്രജീഷ് ചെവിക്കൊണ്ടില്ല.
''ചാകട്ടെ. ഇവൾ ജീവിച്ചിരുന്നാൽ അത് എന്റെ അവസാനത്തിനാകും."
''ഇവര് ചത്തു കഴിഞ്ഞാൽ പിന്നെ എന്താ സാറേ പ്രയോജനം? ഇക്കണ്ട സ്വത്തുക്കൾക്കു വേണ്ടിയല്ലേ എല്ലാം കാണിച്ചത്? ഇവര് ചത്താൽ എല്ലാം നഷ്ടമാകില്ലേ?"
പരുന്തിന്റെ ആ ചോദ്യം കുറിക്കുകൊണ്ടു.
ശരിയാണല്ലോ!
പ്രജീഷ് പെട്ടെന്നു കൈകൾ പിൻവലിച്ചു.
ചന്ദ്രകല ശക്തിയായി കിതച്ചു. കൈകൊണ്ട് കഴുത്തിൽ തടവി. അതിനിടെ നാവിൽ നിന്ന് ചില അക്ഷരങ്ങൾ അടർന്നു.
''വെ....ള്ളം...."
പ്രജീഷ് വെള്ളമെടുത്ത് അവളുടെ വായിലേക്കു പതുക്കെ ഒഴിച്ചു.
അല്പനേരം കഴിഞ്ഞു.
ചന്ദ്രകലയ്ക്ക് ഇത്തിരി ആശ്വാസമായി. അവൾ പ്രജീഷിനെയും അണലിയെയും പരുന്തിനെയും മാറിമാറി നോക്കി.
''നിങ്ങൾ വന്നില്ലായിരുന്നേല് അവള് എന്നെ കൊന്നേനെ..."
പ്രജീഷും അണലിയും പരുന്തും പരസ്പരം നോക്കി.
''ആര്?" ചോദിച്ചത് അണലിയാണ്.
''അവള്... പാഞ്ചാലി."
പ്രജീഷിന്റെ മുഖത്ത് വിജയഭാവത്തിൽ ഒരു ചിരിയുണ്ടായി. കഴുത്തിൽ കുത്തിപ്പിടിച്ചത് താനാണെന്ന് ചന്ദ്രകലയ്ക്ക് അറിയില്ല!
അണലിയും പരുന്തും ചിരി കടിച്ചമർത്തി.
പ്രജീഷ് അവസരത്തിനൊത്തുയർന്നു:
''ഞങ്ങൾ വന്നപ്പോൾ ഇവിടെ ആരെയും കണ്ടില്ല. നീ ഇവിടെക്കിടന്ന് കൈകാലിട്ടടിച്ച് പിടയ്ക്കുകയാണ്.
''ങാ..."
ചന്ദ്രകല ശ്വാസം വലിച്ചു വിട്ടു.
''അവളെ ആർക്കും കാണാൻ പറ്റില്ല. ഞാനും കണ്ടില്ല. പക്ഷേ ശബ്ദം മാത്രം കേട്ടു... എന്നെ കൊല്ലുമെന്ന് അവൾ തീർത്തു പറഞ്ഞു."
പ്രജീഷ്, ചന്ദ്രകലയെ താങ്ങിയിരുത്തി.
''എന്താ ഉണ്ടായതെന്ന് നീ ഒന്നു പറഞ്ഞേ.."
സ്വബോധ സമയത്ത് അവിടെ ഉണ്ടായതൊക്കെ ചന്ദ്രകല പറഞ്ഞു.
ഒരു കാര്യം മൂവർക്കും ഉറപ്പായി. പ്രേതവും മണ്ണാംകട്ടയും ഒന്നുമല്ല. ആരോ ചന്ദ്രകലയെ ഭയപ്പെടുത്തിയിരിക്കുന്നു. അതല്ലെങ്കിൽ അവൾ പാഞ്ചാലിയെ സ്വപ്നം കണ്ടതാണ്!
''കാര്യം എന്താണെങ്കിലും ഒന്ന് ജോത്സ്യനെ കാണുന്നത് നല്ലതാ സാറേ... മരിച്ചുപോയിക്കഴിഞ്ഞ് എന്താ ഓരോരുത്തരുടെയും അവസ്ഥയെന്ന് ആർക്കും അറിയില്ലല്ലോ.. ഇനി പാഞ്ചാലിയുടെ ആത്മാവ് ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ് എല്ലാവരെയും ഭയപ്പെടുത്തുന്നുണ്ടെങ്കിൽ..."
പരുന്ത് റഷീദ്, പ്രജീഷിനെയും ചന്ദ്രകലയെയും മാറിമാറി നോക്കി.
''പക്ഷേ അങ്ങനെ നമ്മൾ ചെയ്യുന്നെന്ന് മറ്റുള്ളവർ അറിഞ്ഞാൽ ഇവിടെ പ്രേതബാധയുണ്ടെന്നു പറഞ്ഞ് ആരും വരില്ല. നമുക്ക് ഈ കോവിലകം വിൽക്കാനും പറ്റത്തില്ല."
പ്രജീഷ് അറിയിച്ചു.
''അക്കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ടാ. ഇരുചെവി അറിയാതെ ആള് ഇവിടെ എത്തിക്കോളും. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹാര കർമ്മങ്ങളും നടത്തിക്കോളും."
അണലി അക്‌ബർ അഭിപ്രായപ്പെട്ടു.
''എങ്കിൽ അത് വേണം." ചന്ദ്രകല പെട്ടെന്നറിയിച്ചു.
''വേണോ?" പ്രജീഷിനു സന്ദേഹം.
''വേണം." ചന്ദ്രകല അതിൽ ഉറച്ചുനിന്നു. ''പേടികൊണ്ട് ബാക്കിയുള്ളവര് ചത്തുപോകും."
ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു:
''മാത്രമല്ല നിങ്ങളിൽ ഒരാളെങ്കിലും സദാസമയവും ഇവിടെ ഉണ്ടാവണം. ശമ്പളം ഞാൻ തരും."
അവൾ അണലിയോടും പരുന്തിനോടും പറഞ്ഞു.
''ഞങ്ങൾക്കു കുഴപ്പമില്ല. പക്ഷേ അതിന്റെ ആവശ്യമുണ്ടോ?
''ഉണ്ട്." ചന്ദ്രകല തീർത്തു പറഞ്ഞു.
അടുത്ത ദിവസം മുതൽ ഡ്യൂട്ടി ചെയ്യാമെന്ന് അവർ സമ്മതിച്ചു. ഒരാൾ രാത്രിയിലും ഒരാൾ പകലും.
കൂടാതെ ജ്യോത്സ്യനെയും അടുത്ത ദിവസം തന്നെ കൊണ്ടുവരാമെന്ന് അവർ ഏറ്റു.
അടുത്ത ദിവസം.
സന്ധ്യയ്ക്കു മുൻപ് പരുന്തും അണലിയും തങ്ങളുടെ അംബാസിഡർ കാറിൽ വന്നു.
ഒപ്പം ജ്യോത്സ്യനും ഉണ്ടായിരുന്നു.
ചുങ്കത്തറ വേലായുധ പണിക്കർ. അധികം ആരോഗ്യമില്ലാത്ത ഒരു അറുപത്തഞ്ചുകാരൻ.
കാതിൽ ചുവന്ന കല്ലുള്ള കടുക്കനുകളും നെറ്റിയിൽ നീട്ടിവരച്ച സിന്ദൂര തിലകവും.
കാറിൽ നിന്നിറങ്ങിയതേ അയാൾ കോവിലകത്തിനു നേർക്കു നോക്കി. പിന്നെ ചുറ്റിനും.
''എന്താ പണിക്കരേ?"
പരുന്ത് റഷീദ് അയാളെ ശ്രദ്ധിച്ചു.
പണിക്കർ ഒന്നു ചിരിച്ചു.
''ഇവിടെ കവടി നിരത്തലും പ്രശ്നം വയ്‌പും ഒന്നും വേണ്ടാ. ഗതികിട്ടാത്ത ആത്മാക്കൾ അലഞ്ഞുതിരിയുന്നുണ്ട്. ഞാനത് അറിയുന്നു."
പണിക്കർ വന്നതറിഞ്ഞ് ഉമ്മറത്തേക്ക് എത്തിയിരുന്നു ചന്ദ്രകലയും പ്രജീഷും.
അവർ കേട്ടത് പണിക്കർ ഈ പറഞ്ഞ വാക്കുകളാണ്.
ഇരുവരും വിളറി.
പണിക്കർ മെല്ലെ ഉമ്മറത്തേക്കു കയറി.
''അനിഷ്ടങ്ങൾ പലതും ഉണ്ടായി. അല്ലേ? നിങ്ങൾ രണ്ടാളും ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ ദൈവഹിതം."
പ്രജീഷും ചന്ദ്രകലയും സ്തംഭിച്ചു നിൽക്കുമ്പോൾ പണിക്കർ തന്റെ സഞ്ചി ടീപ്പോയിൽ വച്ചു. പെട്ടെന്ന് അകത്ത് എന്തോ വീണുടയുന്ന ഒച്ച...
(തുടരും)