flood-cess

തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മാത്രമായി ജി.എസ്.ടി നികുതിക്ക് മേൽ ഇന്നുമുതൽ അടിസ്ഥാനവിലയുടെ ഒരുശതമാനം അധികമായി പ്രളയസെസ് കൂടി നൽകേണ്ടിവരും. പായ്ക്ക് ചെയ്ത് ബ്രാൻഡിന്റെ പേരിൽ വിൽക്കാത്ത അരി, പഞ്ചസാര, ലൂസ് വെളിച്ചെണ്ണ തുടങ്ങി അഞ്ച് ശതമാനം ജി.എസ്. ടി നികുതിയുള്ള സാധനങ്ങളെയും കോംപോസിഷൻ ജി.എസ്. ടി നികുതിസമ്പ്രദായം സ്വീകരിച്ചിട്ടുള്ള ഹോട്ടലുകളെയും പ്രളയസെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, പ്രളയസെസിന്റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

സ്വർണം,വെള്ളി തുടങ്ങിയ ജുവലറി ഉത്പന്നങ്ങൾക്ക് കാൽശതമാനമാണ് പ്രളയസെസ്. പ്രളയസെസിലൂടെ ഇൗ വർഷം 600 കോടിരൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യം. സെസ് വരുന്നതോടെ വിലകൂടില്ലെന്നാണ് ധനമന്ത്രി ഡോ.തോമസ് ഐസക് പറയുന്നതെങ്കിലും സ്വർണത്തിന് പവന് 71 രൂപ മുതൽ മേലോട്ടും ടി.വി.,ഫ്രിഡ്ജ് തുടങ്ങി പതിനായിരം രൂപയ്ക്ക് മേൽ വിലയുള്ള സാധനങ്ങൾക്ക് കുറഞ്ഞത് 100 രൂപയ്ക്ക് വില കൂടും.ബസ്,ട്രെയിൻ യാത്രനിരക്കിൻമേൽ പ്രളയസെസ് ഏർപ്പെടുത്തിയിട്ടില്ല. റിയൽ എസ്റ്റേറ്റ് കൺസ്ട്രക്‌ഷൻ മേഖലയെയും സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ള വ്യാപാരിക്ക് ബിസിനസിന്റെ ഭാഗമായി നടത്തുന്ന സപ്ലൈക്ക് പ്രളയ സെസ് ഒഴിവുണ്ട്. അതായത് ഉപഭോക്താക്കൾക്കും കേരളത്തിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്കും ബിസിനസ് ഇതര ആവശ്യങ്ങൾക്കും സാധനം വാങ്ങുന്നവരിൽനിന്ന് അഥവാ സേവനം സ്വീകരിക്കുന്നവരിൽനിന്നുമാണ് പ്രളയ സെസ് ഈടാക്കേണ്ടത്. എന്നാൽ രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും ബിസിനസ് ഇതര ആവശ്യങ്ങൾക്ക് ആണെങ്കിൽ പ്രളയ സെസ് ബാധകമാകും. സംസ്ഥാനാന്തര സപ്ലൈക്ക് സെസ് ബാധകമല്ല.

ഹോട്ടൽ മേഖലയിൽ മുറിവാടക 7500 രൂപയിൽ കൂടുതലുള്ള സ്ഥലങ്ങളിൽ പ്രളയസെസ് നൽകേണ്ടിവരും. മദ്യം, പെട്രോൾ, ഭൂമിവിൽപന, ബസ്,ട്രെയിൻ യാത്രാനിരക്ക് എന്നിവയെ സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്. ടി.യുടെ 12,18,28 സ്ളാബുകളിൽ ഉൾപ്പെടുന്ന 928 ഇനങ്ങൾക്കാണ് സെസ് നൽകേണ്ടിവരിക. രണ്ടുവർഷം സെസ് ഇൗടാക്കാനാണ് നിലവിലെ തീരുമാനം.