ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജിൽ അഭിമന്യു വധത്തിൽ ഇതുവരെയും ഒന്നാം പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ലെന്നും പൊലീസ് എന്തുകൊണ്ട് പ്രതിയെ പിടിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. 24 മണിക്കൂർ കഴിഞ്ഞിട്ടും നൗഷാദിന്റെ കൊലപാതകത്തിന്റെ ആസൂത്രകരായ എസ്.ഡി.പി.ഐക്കാരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
എസ്.ഡി.പി.ഐയുടെ പേര് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യം പറയാതിരുന്നത് അതിനെ കുറിച്ച് അറിയാത്തതിനാലാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ശക്തമായി അപലപിച്ചെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നിൽ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികൾ ചാവക്കാട് ഭാഗത്തുളളവർ തന്നെയെന്നും പൊലീസ് അറിയിച്ചു. നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് കഴിഞ്ഞദിവസം വെട്ടേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു.