തൃശൂർ: ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്ന പുന്ന സ്വദേശി നൗഷാദിനെതിരെ ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലൂടെ പരസ്യമായ കൊലവിളി നടന്നതിന്റെ തെളിവുകൾ പുറത്ത്. കുറച്ച് ദിവസങ്ങളായി ചാവക്കാട് മേഖലയിൽ കോൺഗ്രസ് - എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദ് കൊല്ലപ്പെടേണ്ടവനാണെന്നും ഇനിയും വിളഞ്ഞാൽ ജിന്നുകൾ വേട്ടയ്‌ക്കിറങ്ങുമെന്നുമുള്ള പോസ്‌റ്റുകൾ പ്രത്യക്ഷപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ നൗഷാദ് എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്നും അതിനാൽ തന്നെ ഇനിയും വച്ചിരിക്കുന്നത് നല്ലതല്ലെന്നുമുള്ള കമന്റുകളും ഇതിന് താഴെ വന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് നൗഷാദും സംഘവും ആക്രമിക്കപ്പെട്ടത്. ഏഴ് ബൈക്കുകളിലായി എത്തിയ പതിന്നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ബൈക്കിന് പിറകിലിരുന്ന ഏഴ് പേർ മാത്രമാണ് ആക്രമണം നടത്തിയത്. കൈകളിൽ വാളും കോടാലിയും കെട്ടിവച്ചായിരുന്നു ആക്രമണം. ബൈക്കോടിച്ചവർ ജാഗ്രതയോടെ കാത്തു നിന്നു. നൗഷാദിനെ ലക്ഷ്യമാക്കിയായിരുന്നു ഏഴ് പേരും പാഞ്ഞടുത്തത്. നൗഷാദിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് വെട്ടേറ്റത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെയാണ് നൗഷാദ് മരിക്കുന്നത്. മരിച്ചതിന് ശേഷവും വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നൗഷാദിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസിലെ തന്നെ ഗ്രൂപ്പ് വഴക്കാണ് നൗഷാദിന്റെ മരണത്തിലേക്ക് നയിച്ചതെന്നും സി.പി.എമ്മുകാർക്ക് ഇതിൽ പങ്കുണ്ടെന്ന തരത്തിലുമുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. നിരവധി കേസുകളിൽ പ്രതിയായ നൗഷാദ് കൊല്ലപ്പെടേണ്ടവനാണെന്ന രീതിയിലുള്ള പോസ്‌റ്റുകളും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, സംഭവം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേസിൽ ഉൾപ്പെട്ട ഒരു പ്രതികളെയും പിടികൂടാൻ പൊലീസിന് കഴിയാത്തത് വൻ വീഴ്‌ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടതിനാൽ പ്രതികൾ രക്ഷപ്പെടാനും തെളിവുകൾ നഷ്‌ടപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ കേസിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പുന്ന പ്രദേശത്ത് കഴിഞ്ഞ എതാനും മാസങ്ങളായി രാഷ്ട്രീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസ് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നും ആരോപണമുണ്ട്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട ഹനീഫയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനാണെന്ന് ആരോപിച്ച് ഇയാളെ വധിക്കാൻ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ സംഭവും ഉണ്ടായിരുന്നു. തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ നൗഷാദ് കൊല്ലപ്പെടുന്നത്.