കോട്ടയം: അയൽക്കാരന്റെ കോഴിയെ കൊന്ന് കറിയാക്കിയ സംഭവങ്ങളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അതിലൊന്നും നമുക്ക് വലിയ പുതുമ തോന്നിയിട്ടില്ല. എന്നാൽ അയൽക്കാരന്റെ പൂച്ചയെ കൊന്ന് കറിയാക്കി കഴിച്ചാലോ? പൂച്ചയെ കഴിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ. കോട്ടയത്ത് നിന്ന് അത്തരത്തിലൊരു പരാതി ഉയർന്നിരിക്കുകയാണ്.
തന്റെ പൂച്ചയെ അയൽക്കാരൻ കൊന്ന് കറിയാക്കി എന്ന പരാതിയുമായി കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ സഞ്ജു സ്റ്റീഫൻ പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കലക്ട്രേറ്റിലെ ആനിമൽ ഹസ്ബൻട്രി ഓഫീസിലും ഫ്രണ്ട്‌സ് ഓഫ് ആനിമൽ സംഘടനയ്ക്കും സഞ്ജു പരാതി നൽകിയിട്ടുണ്ട്.
വളർത്തു പൂച്ചകളിൽ രണ്ടെണ്ണത്തിനെ അയൽക്കാരൻ വെടിവെച്ചെന്നാണ് സഞ്ജുവിന്റെ ആരോപണം. ഒരെണ്ണത്തിന് തലയിലും മറ്റേ പൂച്ചയ്ക്ക് വയറിനുമാണ് വെടിയേറ്റത്. വയറിന് വെടിയേറ്റ പൂച്ച വീട്ടിലെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അത് ചത്തു. മറ്റേ പൂച്ചയെ അയൽക്കാരൻ കറിവെച്ച് കഴിച്ചുവെന്നാണ് പരാതി.