flood-cess

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയസെസ് സംസ്ഥാനത്ത് ഇന്ന് പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് മാത്രമായി ജി.എസ്.ടി നികുതിക്ക് മേൽ ഇന്നുമുതൽ അടിസ്ഥാനവിലയുടെ ഒരുശതമാനം അധികമായി പ്രളയസെസ് കൂടി നൽകേണ്ടിവരും. എന്നാൽ, ഇക്കാര്യത്തിൽ ​ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ.

"928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ. 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടി.എ,ഡി.എ കൊടുക്കാൻ"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ദ്രജാലം! മഹേന്ദ്രജാലം!!

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.

928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എം.എൽ.എമാരുടെ അലവൻസ് കൂട്ടാൻ, പി.എസ്‌.സി ചെയർമാൻ്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ...

എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.