osama-bin-laden-son

വാഷിംഗ്ടൺ: ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നൽകിയ വാർത്തകളിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

സൗദി അറേബ്യയ്ക്കെതിരെ നിരന്തരം ഭീഷണികളും പരസ്യ പ്രസ്താവനകളും നടത്തിയിരുന്ന ആളാണ് ഹംസ ബിൻ ലാദൻ. ഇതിനെ തുടർന്ന് മാർച്ചിൽ ഹംസയുടെ പൗരത്വം സൗദി അറേബ്യ റദ്ദാക്കിയിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരെ ആക്രമണം നടത്താൻ ഹംസ ആഹ്വാനം ചെയ്തതിനു ശേഷമാണ് സൗദി ഇയാളുടെ പൗരത്വം റദ്ദ് ചെയ്തത്. ഹംസയുടെ ഒളിസ്ഥലം കണ്ടെത്താൻ സഹായിക്കുന്നവർക്കും അതിനെ കുറിച്ച് സൂചന നൽകുന്നവർക്കും ഒരു മില്ല്യൺ യു.എസ്. ഡോളർ ആണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്.

ബുധനാഴ്ച പുലർച്ചെ മുതലാണ് ഹംസ കൊല്ലപ്പെട്ടുവെന്ന് കാണിച്ചുകൊണ്ടുള്ള വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയത്. എന്നാൽ ഔദ്യോഗികമായി അമേരിക്ക ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഹംസയ്ക്ക് 30 വയസുണ്ടെന്നാണ് കരുതപ്പെടുന്നത്. 2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ അൽ ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിന്റെ സമയത്ത് ഹംസ അഫ്‌ഗാനിസ്ഥാനിലായിരുന്നു.

ഇതിന് ശേഷമാണ് ഇയാൾ അൽ ഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2015ൽ ഭീകരസംഘടനയുടെ തലവനായ അയ്മാൻ അൽ സവാഹിരി ഹംസയെ അൽ ഖ്വയ്ദയുടെ യുവശബ്ദമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. 2011ൽ പാകിസ്ഥാനിലെ ആബട്ടാബാദിൽ വച്ചാണ് ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തുന്നത്. ഈ സമയം ഹംസ ഇറാനിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്.