തിരുവനന്തപുരം: കുത്ത് കേസിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപികമാരുടെ കസേര തർക്കം. പണ്ട് ഈ കോളേജിൽ ജോലിചെയ്തിരുന്ന ഒരു അദ്ധ്യാപിക കഴിഞ്ഞ ദിവസം വീണ്ടും കോളേജിലേക്ക് സ്ഥലം മാറിയെത്തി. പണ്ട് ഉപയോഗിച്ചിരുന്ന കസേരയും മേശയും വേണമെന്ന് അദ്ധ്യാപിക ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
ഈ കസേരയും മേശയും ഇപ്പോൾ മറ്റൊരു അദ്ധ്യാപിക ഉപയോഗിക്കുകയാണെന്നും സ്ഥലം മാറിപ്പോയ ഒരു അദ്ധ്യാപകന്റെ കസേരയും മേശയും തരാമെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപിക വിട്ടുകൊടുത്തില്ല. ഇവർ പഴയ മേശയുടെ അടുത്തെത്തി അതിലുള്ള സാധനങ്ങൾ ഒഴിപ്പിച്ച് അവിടെ ഇരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഈ സമയം കസേരയുടെ ഉടമസ്ഥയായ അദ്ധ്യാപിക ഉച്ചഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് അദ്ധ്യാപിക എത്തിയതോടെ ഇരുവരും തമ്മിൽ തർക്കമായി. ശേഷം സ്ഥലം മാറിയെത്തിയ അദ്ധ്യാപിക തനിക്ക് ഇരിക്കാൻ സ്ഥലമില്ലെന്നും പടിക്കെട്ടിലാണ് ഇരിക്കുന്നതെന്നും കാണിച്ച് പ്രിൻസിപ്പലിന് കത്തെഴുതി. കത്ത് കിട്ടിയ ഉടൻ പ്രിൻസിപ്പൽ ഇത് കോളേജ് വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചു.