''എന്താ അത്?"
പ്രജീഷ് വെട്ടിത്തിരിഞ്ഞു.
ചന്ദ്രകലയ്ക്കു ഭീതിയായി. അവൾ പരുന്തിനെയും അണലിയെയും നോക്കി:
'ഒന്നു പോയി നോക്കാമോ?"
ഇരുവരും തറവാടിനുള്ളിലേക്ക് കുതിക്കാൻ ഭാവിച്ചു. അണലി, അരയിൽ നിന്ന് ഒരു കഠാര വലിച്ചെടുത്തു.
''വേണ്ടാ..."
പൊടുന്നനെ ചുങ്കത്തറ വേലായുധപ്പണിക്കർ കൈ ഉയർത്തി.
''ആരും പോകണ്ടാ. ചിലപ്പോൾ അനർത്ഥമായേക്കും. ഇത് എന്നോടുള്ള പ്രതിഷേധമാ... ഞാൻ അവരെ ഓടിക്കും എന്നുള്ള പേടി."
പണിക്കർ, തന്റെ വിരലിൽ കിടന്നിരുന്ന പഞ്ചരത്ന മോതിരത്തിൽ ഒന്നു തടവി.
ശേഷം ടീപ്പോയിൽ വച്ച തന്റെ സഞ്ചിയെടുത്ത് തോളിൽ തൂക്കി, തറവാടിനുള്ളിലേക്കു കാൽ വച്ചു.
''പോന്നോളൂ..." മറ്റുള്ളവരോടു പറഞ്ഞു:
പണിക്കർക്കു പിന്നാലെ കരുതലോടെ ബാക്കി നാലുപേരും അകത്തുകടന്നു.
ഉൾവരാന്തയിലൂടെ നടക്കുമ്പോൾ പണിക്കർ ചുറ്റും നോക്കി. പെട്ടെന്നു കണ്ടു....
നടുമുറ്റത്ത് രണ്ടായി കിടക്കുന്ന നിലവിളക്ക്!
'' പണിക്കർ ചിരിച്ചു.
''കണ്ടില്ലേ... ഞാനിവിടെ വിളക്കു കൊളുത്തരുതെന്ന് ആർക്കോ നിർബന്ധമുണ്ട്. അതിനാ അതെടുത്തു കളഞ്ഞത്. ഞാൻ വിളക്കു കൊളുത്തി ഇവിടെ പൂജ തുടങ്ങിയാൽ ദുഷ്ടാത്മാക്കൾക്ക് രക്ഷയില്ല എന്ന് അർത്ഥം.
അത്രയും മതിയായിരുന്നു ചന്ദ്രകലയ്ക്കും പ്രജീഷിനും. വേലായുധപ്പണിക്കരെ വിശ്വസിക്കുവാൻ.
'എങ്കിലും പ്രജീഷ് ന്യായമായ ഒരു സംശയം ഉന്നയിച്ചു:
''അതായത് പണിക്കര് ചേട്ടാ..."
''മ്" അയാൾ തിരിഞ്ഞു.
''മരിച്ചവർക്ക് ശരീരമില്ലല്ലോ.. ആത്മാവ് മാത്രമല്ലേയുള്ളു? ശരീരമില്ലാത്ത ഒരാൾക്ക് എങ്ങനെ വിളക്കെടുത്ത് എറിയാൻ കഴിയും?"
പണിക്കരുടെ പുരികം ചുളിഞ്ഞു. അയാൾ രൂക്ഷമായി പ്രജീഷിനെ നോക്കി.
''എന്നെ പരിഹസിക്കുകയാണ്. അല്ലേ? എന്നിൽ വിശ്വാസമില്ലെങ്കിൽ പിന്നെയെന്തിന് ഇവിടേക്കു വരുത്തി?"
ചന്ദ്രകല, പ്രജീഷിന്റെ കൈത്തണ്ടയിൽ ഒന്നു നുള്ളി. ശേഷം അറിയിച്ചു:
''അയ്യോ. പണിക്കര് ചേട്ടനെ പരിഹസിച്ചതല്ല. പ്രജീഷ് ഇക്കാര്യം അറിയാനുള്ള ജിജ്ഞാസ കൊണ്ട് ചോദിച്ചതാ. എനിക്കും അതേക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്."
ഉൾവരാന്തയിൽ കിടന്നിരുന്ന ഒരു കസേരയിൽ ചുങ്കത്തറ വേലായുധപ്പണിക്കർ ഇരുന്നു.
പിന്നെ സഞ്ചിയിൽ നിന്ന് വെറ്റിലച്ചെല്ലം എടുത്ത് മടിയിൽ വച്ചു തുറന്നു.
വാസനപ്പുകയിലയുടെ ഗന്ധം അവിടെ പരന്നു.
പണിക്കർ അതിൽ നിന്ന് ഒരു തളിർ വെറ്റിലയെടുത്ത് ഇടതു കൈ വെള്ളയിൽ വച്ചു.
വലതു കൈയിലെ നഖം കൊണ്ട് വെറ്റിലയുടെ ഞരമ്പുകൾ സൂക്ഷ്മമായി ചീന്തിക്കളഞ്ഞു.
ശേഷം ചെറിയ ഡെപ്പയിൽ നിന്ന് ചുണ്ണാമ്പെടുത്ത് വെറ്റിലയിൽ തേച്ചുപിടിപ്പിച്ചു.
എല്ലാവരും അക്ഷമരാണ് എന്നൊന്നും ശ്രദ്ധിച്ചില്ല പണിക്കർ.
വളരെ സാവധാനമാണ് അയാൾ ഓരോന്നും ചെയ്തത്.
നുറുക്കി വച്ചിരുന്ന അടയ്ക്ക കഷണങ്ങൾ അയാൾ വാരി വായിലിട്ടു. പിന്നെ എട്ടായി മടക്കിച്ചുരുട്ടിയ വെറ്റില പല്ലുകൾക്കിടയിൽ അമർത്തി. രണ്ടു മൂന്നു വട്ടം ചവച്ചശേഷം വാസനപ്പുകയില ഒരു പിടി വാരി ഇടതു കൈ വെള്ളയിൽ വച്ചു. തുടർന്ന് അതും ചുരുട്ടി പല്ലുകൾക്കിടയിൽ അമർത്തി.
പ്രജീഷിന് ദേഷ്യം വന്നുതുടങ്ങിയിരുന്നു. എങ്കിലും അതയാൾ മനസ്സിൽ അമർത്തി.
അല്പം കൂടി കഴിഞ്ഞ് പണിക്കർ സംസാരിച്ചു.
''അതായത് .... മരിച്ചവർക്ക് ദേഹമില്ല. ദേഹി മാത്രമേ ഉള്ളു എന്നതു സത്യം. പക്ഷേ ആ ദേഹിക്ക് പ്രപഞ്ചത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.
മഹാമാരി.. കൊടുങ്കാറ്റ് അങ്ങനെ... ഇവിടെ നിന്ന് ഒരു തീപ്പൊരി ഉയർത്തി, അണഞ്ഞുപോകാതെ ലക്ഷ്യസ്ഥാനത്തെത്തിച്ച് അവിടം ഭസ്മമാക്കുവാൻ സാധിക്കും.
ഈ വിളക്കു തന്നെ ഒരു ചുഴലിക്കാറ്റ് ഉയർത്തിക്കൊണ്ട് വന്ന് ഇവിടെയിട്ടതല്ല എന്ന് എങ്ങനെ പറയും? ദേഹിക്ക് അതിനു കഴിയും... മറ്റ് ജീവികളിലേക്ക് പരകായ പ്രവേശം നടത്താനും..."
പണിക്കർ രണ്ടു വിരലുകൾ വിടർത്തി ചുണ്ടിനു പുറത്തുവച്ചു. ശേഷം നടുമുറ്റത്തേക്കു നീട്ടി തുപ്പി.
ചന്ദ്രകലയ്ക്ക് അതു കണ്ട് ഓക്കാനം വന്നു.
പണിക്കർ സഞ്ചി അവിടെത്തന്നെ വച്ചിട്ട് മുന്നോട്ടു നടന്നു. ''എനിക്കു ഈ കോവിലകം ശരിക്കു കാണണം."
ബാക്കിയുള്ളവർ കൂടെ ചെന്നു. അതിനിടെ പണിക്കർ അവിടെ നടന്ന മരണങ്ങളെക്കുറിച്ചു തിരക്കി.
ഒളിക്കേണ്ടതൊക്കെ ഒളിപ്പിച്ച് ചന്ദ്രകലയും പ്രജീഷും ചേർന്ന് എല്ലാം പറഞ്ഞു..
''പാഞ്ചാലിയുടേത് മാത്രമല്ല, രാമഭദ്രന്റെയും ആത്മാവ് ഇവിടെയുണ്ട്. രണ്ടും ദുർമരണങ്ങൾ ആയിരുന്നല്ലോ..." പണിക്കർ തീർപ്പുകല്പിച്ചു.
''ഒരു ഘോരകർമ്മം നടത്തേണ്ടിവരും. "
അയാൾ പറഞ്ഞുനിർത്തിയതും എന്തോ കരിയുന്ന ഗന്ധം.
അവർ പോയ വഴി തന്നെ തിരികെയോടി.
അവിടെ വരാന്തയിൽ...!
(തുടരും)