പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ പതിനഞ്ച് ലക്ഷംരൂപ പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ടുകളിലെത്താൻ പോകുന്നു എന്ന വാർത്തയറിഞ്ഞ് പോസ്റ്റ് ഓഫീസിലേക്ക് എത്തിയത് നൂറുകണക്കിന് ആളുകയാണ്. എന്നാൽ, ഈ വ്യാജ പ്രചരണം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. മൂന്നാർ പോസ്റ്റ് ഓഫിസിലെ തിരക്കും ഒഴിഞ്ഞു.
പോസ്റ്റ് ഓഫിസ് അക്കൗണ്ടിലൂടെ ലഭിക്കുന്ന ആനുകൂല്യം സംബന്ധിച്ച വ്യാജപ്രചാരണം വിശ്വസിച്ചാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ മൂന്നാറിൽ ആളുകൾ കൂട്ടമായി പോസ്റ്റ് ഓഫിസിൽ വരാൻ തുടങ്ങിയത്. ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ഈ പദ്ധതിയിൽ മിനിമം ബാലൻസ് 50 രൂപ മതി. സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നുമില്ല.
വാർത്ത ശരിയല്ലെന്നു പറഞ്ഞുമനസിലാക്കാൻ പോസ്റ്റ് ഓഫീസ് ജീവനക്കാർ ശ്രമിച്ചെങ്കിലും ആളുകൾ വഴങ്ങിയില്ല. നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഓഫീസിലെത്തിയത്. പോസ്റ്റ് ഓഫീസിനു പരിസരത്തെ ആൾക്കൂട്ടം വലുതായതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്കു പൊലീസിനെ വിളിക്കേണ്ടി വന്നു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ആളുകൾ പിരിഞ്ഞുപോയില്ല. രണ്ടു ദിവസം കൊണ്ട് 1050 പേർ പോസ്റ്റ് ഓഫിസിൽ അക്കൗണ്ട് എടുത്തു. പിൻവാങ്ങാൻ കൂട്ടാക്കാതെ അക്കൗണ്ട് വേണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നെന്നും പോസ്റ്റ് ഓഫിസിന്റെ പേരിൽ കള്ള പ്രചാരണം നടത്തിയവർക്കെതിരെ പരാതി നൽകുമെന്നും മൂന്നാർ പോസ്റ്റ് മാസ്റ്റർ പറഞ്ഞു.