cpm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്ത് നിർണായക നീക്കവുമായി സി.പി.എം നേതൃത്വം. സംസ്ഥാനത്തെ ഓരോ വീടുകളെയും ആരാധനാലയങ്ങളെയും പാർട്ടിയോട് അടുപ്പിക്കാനും രാഷ്ട്രീയമായി നിരീക്ഷിക്കാനും ചുമതലക്കാരെ നിശ്ചയിക്കാനാണ് സി.പി.എം തീരുമാനം. പാർട്ടി നേതൃത്വം നേരിട്ടെത്തി നടപ്പിലാക്കുന്ന ഗൃഹ സന്ദർശന പരിപാടി പൂർത്തിയായതിന് ശേഷമാകും ഇത്. തങ്ങളുടെ പരിധിയിലുള്ള വീടുകളിൽ ചുമതലക്കാരനെ വയ്‌ക്കാൻ ബ്രാഞ്ചുകളോടാണ് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി അംഗത്തെയോ അനുഭാവി ഗ്രൂപ്പ് അംഗത്തെയോ അനുഭാവികളെയോ ഇതിന് വേണ്ടി നിയമിക്കാം. ഇവരിൽ നിന്നും ഓരോ ആഴ്‌ചയും ബ്രാഞ്ച് സെക്രട്ടറി വിവരങ്ങൾ ശേഖരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഒരുപക്ഷേ ഏതെങ്കിലും പ്രദേശത്ത് നിരീക്ഷകരെ നിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇക്കാര്യം നേതൃത്വത്തിനെ അറിയിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

പണ്ട് കാലത്ത് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം ഇപ്പോൾ നഷ്‌ടപ്പെട്ടുവെന്ന തിരിച്ചറിവിലാണ് സി.പി.എം പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.പാർട്ടി അനുഭാവികളായി അറിയപ്പെടുന്നവരുടെ വോട്ടുകൾ പോലും തിരഞ്ഞെടുപ്പിൽ ലഭിക്കുന്നില്ല. പണ്ട് പാർട്ടി കുടുംബങ്ങളായിരുന്നവ‌ർ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്ന് മനസിലാക്കാനും കഴിയുന്നില്ല. ഒരു വീട്ടിൽ നിന്ന് തന്നെ പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടലുകളെല്ലാം തെറ്റുകയാണ്. ഇതിന് പരിഹാരം കാണാൻ കൂടിയാണ് ചുമതലക്കാരെ നിയമിക്കുന്നത്.തങ്ങൾക്ക് ചുമതല വഹിക്കുന്ന വീടുകളിലെ സാഹചര്യം ഓരോ പ്രവർത്തകനും മനസിലാക്കണം. സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി ഇവരാരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനു സഹായിക്കുകയും പരാതിയുണ്ടെങ്കിൽ മേൽക്കമ്മിറ്റിയെ അറിയിക്കുകയും വേണമെന്നും നിർദ്ദേശത്തിലുണ്ട്. ഇതിന് പുറമെ ഓരോ ബ്രാഞ്ചിലുമുള്ള ആരാധനാലയങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും പ്രവർത്തകർക്ക് നിർദ്ദേശമുണ്ട്.