coffee-day

ബംഗളൂരു: കഫെ കോഫീ ഡേ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പിന്റെ നിരന്തര പീഡനമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആദായ വകുപ്പ് നടത്തിയ ഇടപെടലുകളാണ് തന്റെ പരാജയത്തിലേക്ക് നയിച്ചതെന്ന് സിദ്ധാർത്ഥ മരണത്തിന് മുൻപ് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിൽ പറയുന്നുണ്ട്. ജൂലൈ 30ന് കാണാതായ സിദ്ധാർത്ഥയുടെ മൃതദേഹം ഇന്നലെയാണ് മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിയിൽ നിന്നും കണ്ടെടുത്തത്. എന്നാൽ പ്രമുഖ കോൺഗ്രസ് നേതാവുമായുള്ള സിദ്ധാർത്ഥയുടെ അനധികൃത പണമിടപാട് ബന്ധം കാരണമാണ് തങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ ചെന്നതെന്നാണ് ആദായനികുതി വകുപ്പ് വിശദീകരിക്കുന്നത്. ഈ കോൺഗ്രസ് നേതാവും സിദ്ധാർത്ഥയും തമ്മിൽ സംശയാസ്പദമായ തരത്തിൽ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിരുന്നു എന്നും ദയനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് ഈ നേതാവെന്നും ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ശിവകുമാറിന്റെ വീട്ടിൽ തങ്ങൾ റെയ്ഡ് നടത്തിയപ്പോൾ കഫെ കോഫീ ഡേ ഉടമയുമായി നടന്ന അനധികൃത സാമ്പത്തിക ഇടപാടുളുടെ വിവരങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ സിഥാർത്ഥയുടെ കൈവശമുള്ള രേഖകളിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. ശിവകുമാറുമായി ബന്ധമില്ലായിരുന്നുവെങ്കിൽ തങ്ങൾ സിദ്ധാർത്ഥയെ ഒരു രീതിയിലും തൊടുകയില്ലായിരുന്നു. എന്നാൽ കോൺഗ്രസ് നേതാവുമായി നടന്ന രഹസ്യ ധന ഇടപാടുകൾ തങ്ങളെ സിദ്ധാർത്ഥയിലേക്ക് നയിക്കുകയായിരുന്നു. 2017ൽ ശിവകുമാറിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ചന്ദ്രശേഖർ സുകാപുരിയുടെ വീട്ടിൽ തങ്ങൾ നടത്തിയ റെയ്ഡിൽ ശിവകുമാറും സിദ്ധാർത്ഥയും തമ്മിൽ നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയിരുന്നു. ഒരാളിൽ നിന്നും കാതലായ വിവരങ്ങൾ ലഭിച്ച് കഴിഞ്ഞാൽ അത് അടിസ്ഥാനമാക്കി മറ്റൊരാളിലേക്ക് എത്തുക സാധാരണമാണ്. ആദായനികുതി വകുപ്പ് പറയുന്നു.

ഇങ്ങനെയാണ് സിദ്ധാർത്ഥയുടെ സ്ഥാപനങ്ങളിൽ തങ്ങൾ പരിശോധനകൾ നടത്തി തുടങ്ങിയതെന്നാണ് ആദായനികുതി വകുപ്പിലെ മുൻ ഡയറക്ടർ ജനറൽ ബി.ആർ. ബാലകൃഷ്‌ണ പറയുന്നത്. സിദ്ധാർത്ഥയുടെ കത്തിൽ പ്രധാനമായും കുറ്റം ഉയരുന്നത് ബാലകൃഷ്ണയ്ക്ക് നേരെയാണ്. സിദ്ധാർത്ഥയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ബാലകൃഷ്ണ വ്യക്തമാക്കുന്നു. എന്നാൽ ഇത് തെറ്റാണെന്നാണ് ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് പറയുന്നത്. മൈൻഡ്ട്രീ എന്ന സ്ഥാപനത്തിൽ സിദ്ധാർത്ഥയ്ക്ക് ഉണ്ടായിരുന്ന 20.3 ശതമാനം ഓഹരി വിറ്റ് തന്റെ കടങ്ങൾ തീർക്കാൻ ശ്രമിക്കുകയായിരുന്നു സിദ്ധാർത്ഥ. എന്നാൽ ഇതിനിടെ ആദായനികുതി വകുപ്പ് ഈ ഓഹരികൾ മരവിപ്പിച്ചു. ഇത് സിദ്ധാർത്ഥയെ മാനസികമായി തളർത്തി. സുരേഷ് പറയുന്നു. ഗൗഡ സമുദായത്തിൽ പെട്ടവരാണ് സിദ്ധാർത്ഥയും ശിവകുമാറും. സിദ്ധാർത്ഥയുടെ ഭാര്യാ പിതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം കൃഷ്ണയുടെ അടുത്ത അനുയായി കൂടെയായിരുന്നു ശിവകുമാർ. ഈ ബന്ധവും ഇവരുടെ സൗഹൃദം ഊട്ടിയുറപ്പിച്ചു. കർണാടകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയക്കാരനാണ് ശിവകുമാർ.

സിദ്ധാർത്ഥ കടക്കെണിയിലായിരുന്ന വിവരം ബാംഗ്ലൂരിലെ ബിസിനസ് മേഖലയിൽ ഉള്ളവർക്കെല്ലാം അറിയാമായിരുന്നു. ശിവകുമാറുമായുള്ള സിദ്ധാർത്ഥയുടെ ബന്ധവും രഹസ്യമല്ലായിരുന്നു. അഹമ്മ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എമാരെ 2017ആഗസ്റ്റിൽ ശിവകുമാർ ബാംഗ്ലൂർ റിസോർട്ടിൽ എത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾ ആരംഭിച്ചത്. ഇത്തരത്തിൽ ഒരിക്കൽ നടത്തിയ ഒരു റെയ്ഡിൽ 20 കോടി രൂപ ശിവകുമാറിന്റെ അക്കൗണ്ടിലേക്ക് കഫേ കോഫി ഡേയിൽ നിന്നും പോയിട്ടുണ്ട് എന്നതിന്റെ രേഖകളും തങ്ങൾക്ക് ലഭിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നുണ്ട്. ബി.ജെ.പിയുടെ കാര്യമായ വിരോധം ഉണ്ടായിരുന്ന ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള റെയ്ഡുകളാണ് സിദ്ധാർത്ഥയിലേക്ക് എത്തിയതെന്നും വിവിധ മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.