കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ നാടുവിടാൻ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. നാടുവിടാനായി വിദ്യാർത്ഥിനികൾ പറഞ്ഞ കാരണമാണ് അധികൃതരെ അമ്പരപ്പിച്ചത്. മാതാപിതാക്കൾക്ക് തങ്ങളോട് സ്നേഹമില്ലെന്നും അതിനാലാണ് നാടുവിടാനായി വീട്ടിൽ നിന്നിറങ്ങിയതെന്നുമാണ് വിദ്യാർത്ഥികൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ ഉദുമൽപ്പേട്ട സ്വദേശിനികളാണ് ഇരുവരും. പോക്കറ്റ് മണിയായി വീട്ടിൽ നിന്ന് നൽകിയ പണം കൊണ്ടാണ് എത്തിയതെന്ന് കുട്ടികൾ പറഞ്ഞു. രണ്ടോ മൂന്നോ ബസുകൾ കയറിയാകാം ഇരുവരും വിമാനത്താവളത്തിലെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
യൂണിഫോമിൽ മുതിർന്നവരാരും കൂടെയില്ലാതെ ഇരിക്കുന്ന കുട്ടികളെക്കണ്ട് പന്തികേട് തോന്നി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കുട്ടികളുടെയടുത്തെത്തി,വിവരങ്ങൾ ചോദിച്ചപ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. ഉടൻതന്നെ ഉദുമൽപ്പേട്ട പൊലീസിനെ അറിയിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കുട്ടികളെ രക്ഷിതാക്കൾ വന്ന് കൊണ്ടുപോയി.