സഞ്ചാരികൾക്ക് ഇനി ധെെര്യമായി ശ്രീലങ്കയിൽ പോകാം. ഇന്ത്യയും ചെെനയും ഉൾപ്പെടെയുള്ള 45 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് സൗജന്യ വിസ ഓൺ അറെെവൽ സൗകര്യമൊരുക്കിയിരിക്കുകയാണ് ശ്രീലങ്ക. കൊളംബോ സ്ഫോടനങ്ങൾക്ക് ശേഷം വിനോദ സഞ്ചാരികളുടെ വരവിലുണ്ടായ കുറവു പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഈ മാസം മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
ആസ്ട്രേലിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, റഷ്യ, ചൈന, ഇന്ത്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് സൗജന്യ വിസ നൽകാനാണ് ശ്രീലങ്കൻ മന്ത്രാലയം അനുമതി നൽകിയത്. ശ്രീലങ്കയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യ, ചെെന എന്നിവിടങ്ങളിൽ നിന്നാണ്. നേരത്തെ ഏകദേശം 1400രൂപയായിരുന്നു ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് ശ്രീലങ്ക ഈടാക്കിയിരുന്ന വിസ നിരക്ക്. ട്രാവൽ ഏജൻസികളുടെ സർവീസ് ചാർജ് ഉൾപ്പെടെ 2000 രൂപയാണ് ഈയിനത്തിൽ സഞ്ചാരികൾക്ക് ചിലവ് വന്നിരുന്നത്. ഈ തുക പൂർണമായി ഒഴിവാകുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ വിലയിരുത്തൽ.
ഏഴ് ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2019 തുടങ്ങിയത് മുതൽ ഇവിടം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആകെ നാലര ലക്ഷം ഇന്ത്യക്കാർ ശ്രീലങ്ക സന്ദർശിച്ചതായും കണക്കുകൾ പറയുന്നു. എന്നാൽ, ശ്രീലങ്കയുടെ ഈ തീരുമാനത്തെ ആശങ്കയോടെയാണ് കേരളം നോക്കിക്കാണുന്നത്. ആയുർവേദ ചികിത്സ ഉൾപ്പടെ കേരള ടൂറിസത്തിന്റെ വിജയ ഘടകങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയാണ് ശ്രീലങ്ക കഴിഞ്ഞ പത്ത് വർഷത്തിനിടെ വിനോദ സഞ്ചാര മേഖലയിൽ വൻ നേട്ടം സ്വന്തമാക്കിയത്. സൗജന്യ വിസ കൂടി ഏർപ്പെടുത്തുന്നതോടെ വിദേശ സഞ്ചാരികളുടെ വരവും കൂടുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.