isis

മലപ്പുറം: കേരളത്തിൽ നിന്നുമുള്ള 60 പേർ ഇപ്പോഴും ഭീകരവാദ സംഘടനയായ ഐസിസിൽ ഉണ്ടെന്ന് വിവരം. അഫ്‌ഗാനിസ്ഥാനിൽ ഐസിസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇവർ. മലപ്പുറം എടപ്പാളിൽ നിന്നും ഐസിസിൽ ചേർന്ന് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് മുഹ്‌സിനിന്റെ ബന്ധുകൾക്കാണ് ഈ വിവരം കാണിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.

'കുറച്ച് വർഷങ്ങൾക്കിടെ 98 പേരാണ് ഐ.എസിന്റെ ഭാഗമായത്. ഇതിൽ 38 പേർ കൊല ചെയ്യപ്പെട്ടു. 60 പേർ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്.' ഇങ്ങനെയാണ് സന്ദേശത്തിലുള്ളത്. അഫ്‌ഗാനിസ്ഥാനിലുള്ള ഐ.എസ് കമാൻഡർ ഹുസൈഫ അൽ ബാകിസ്ഥാനി വഴിയാണ് മുഹ്‌സിൻ ഐസിസിൽ എത്തി ചേർന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

ജൂലെെ 18ന് യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് മുഹ്സിൻ കൊല്ലപ്പെട്ടത്. ഡ്രോൺ ആക്രമണത്തിൽ മുഹ്സിൻ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങൾക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു. നിങ്ങളുടെ സഹോദരൻ വീരമൃത്യു വരിച്ചെന്നാണ് സന്ദേശത്തിൽ പറയുന്നത്.

2017 ഏപ്രിലിലാണ് മുഹ്സിൻ ഐ.സിസിൽ ചേർന്നത്. കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയ മുഹ്‌സിനെ പിന്നീട് കാണാതാകുകയായിരുന്നു. തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു മുഹ്‌സിൻ. പൊതുവെ അന്തർമുഖനായിരുന്ന ഇയാൾ വീട്ടിൽ സദാസമയവും മുറിയടച്ച് ഇന്റർനെറ്റുമായി ഇരിപ്പായിരുന്നു.

അഫ്ഗാനിസ്ഥാൻ നമ്പറിൽ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട കാര്യം വിവരം പൊലീസിൽ അറിയിക്കരുതെന്നും അറിയിച്ചാൽ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. പാകിസ്ഥാനിയായ ഒരാളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഐ.സിസിൽ മലയാളികൾ കൂടുതലായി ചേരുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഐസിസിൽ ചേർന്ന 98 മലയാളികളിൽ 38 പേർ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതായും കേന്ദ്രസർക്കാർ റിപ്പോർട്ടുണ്ട്.