news

1. കാര്‍ അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അതിനിടെ, ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സേന്‍ഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റുന്നു. ചീഫ് ജസ്റ്റിസിന്റേതാണ് തീരുമാനം. കേസില്‍ പെണ്‍കുട്ടി അയച്ച കത്ത് സി.ബി.ഐയ്ക്ക് കൈമാറും. വിഷയം സ്വമേധയാ ഏറ്റെടുത്തു കൊണ്ടാണ് കോടതി തീരുമാനം.
2. പെണ്‍കുട്ടി അയച്ച കത്ത് സുപ്രീംകോടതി പരിഗണനയ്ക്ക വരുന്നത്, കാറപകടത്തില്‍ പെട്ട് പരാതിക്കാരിയായ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ. ഞാറാഴ്ചയാണ് റായ്ബറേലി ഹൈവേയില്‍ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ജീവന് ഭീഷണി ഉണ്ട് എന്ന് കാണിച്ച് പെണ്‍കുട്ടി അയച്ച കത്ത് തന്റെ മുന്നില്‍ എത്തിക്കാന്‍ വൈകിയതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്ുപ്രീംകോടതി സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടിരുന്നു. ജൂലായ് 12ന് അയച്ച കത്ത് തന്റെ മുന്നില്‍ എത്തിയതു 30നു മാത്രമാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു
3. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ല എന്ന് കെ.എസ്.ഇ.ബി. കാലവര്‍ഷം ഇതുവരെ കനിഞ്ഞില്ല എങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാന്‍ ആണ് തീരുമാനം. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത്, കേന്ദ്ര നിലയങ്ങളും പവര്‍ എക്സ്‌ചേഞ്ചും പ്രയോജനപ്പെടുത്തി ആണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കാന്‍ ആണ് തീരുമാനം. പുറത്ത് നിന്നുള്ള വൈദ്യുതി പരമാവധി ഉപയോഗിക്കും എന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള
4. അതേസമയം, വൈദ്യുതി ബോര്‍ഡിന്റെ പ്രധാന അണക്കെട്ടുകള്‍ സംഭരണ ശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളം ഇല്ല. പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോള്‍ ഉള്ളത് എന്നും എന്‍.എസ് പിള്ള. കാലവര്‍ഷം പകുതി പിന്നിടുമ്പോള്‍ കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, മഴയില്‍ 32 ശതമാനത്തിന്റെ കുറവ്. അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തം ആയേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


5. വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികള്‍ ആയ യുവാവിനും യുവതിക്കും മര്‍ദനമേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്തത്, കേസിലെ പ്രധാനപ്രതി സജീവാനന്ദിന് ഒപ്പം യുവതിയെ ലോഡിജില്‍ എത്തി ശല്യം ചെയ്ത കുമാറിനെ. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കുമാറിനെ ഇന്ന് അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് റേഖപ്പെടുത്തും
6. ലോഡ്ജ് നടത്തിപ്പുകാരന്‍ ആണ് കുമാര്‍. ഇയാള്‍ സജീവാനന്ദിന് ഒപ്പം യുവതി താമസിച്ചിരുന്ന മുറിയില്‍ എത്തി ശല്യം ചെയ്യുക ആയിരുന്നു. മുഖ്യ പ്രതിയെ കൂടാതെ മറ്റ് രണ്ട് പേരെ കൂടെ പ്രതി പട്ടികയില്‍ ചേര്‍ത്തത് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍. ഇവരില്‍ ഒരാളാണ് കുമാര്‍. മുഖ്യപ്രതി സജീവ് ആനന്ദ് ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി പരിഗണിക്കും
സെസ് പ്രാബല്യത്തില്‍
7. സംസ്ഥാനത്ത് ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് ഇന്ന് പ്രാബല്യത്തില്‍ വരും. 928 ഉല്‍പ്പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. 5 ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ സാധനങ്ങള്‍ക്ക് സെസ് ബാധകമല്ല. വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്റ് ഉള്‍പ്പടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില വര്‍ദ്ധിക്കും.
8. രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തുക. പ്രളയസെസ് ഏര്‍പ്പെടുത്തുന്നതു വഴി 1200 കോടി രൂപ സ്വരൂപിക്കാം എന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതേസമയം, പ്രളയ സെസിന്റെ മറവില്‍ വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
9. അതിനിടെ, പ്രളയ സെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണ് ഇതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകും എന്നും കുറ്റപ്പെടുത്തല്‍
10. ഭീകര സംഘടന അല്‍ ഖ്വയ്ദയുടെ തലവന്‍ ആയിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച് അമേരിക്കന്‍ മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ മരണം നടന്ന സ്ഥലം, തീയതി എന്നിവയെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം, ഹംസയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
11. ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കും എന്ന് അമേരിക്കയുടെ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഹംസയുടെ അവസാനത്തെ പൊതു പ്രസ്താവന 2018 ലാണ് പുറത്ത് വന്നത്. അല്‍ ഖ്വയ്ദയുടെ മാദ്ധ്യമ വിഭാഗമാണ് ഇത് പുറത്ത് വിട്ടത്. ഒസാമയുടെ 20 മക്കളില്‍ 15-ാമന്‍ ആയിരുന്നു ഹംസ. പിതാവിനൊപ്പം അല്‍ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസ പ്രത്യക്ഷപ്പെട്ടിരുന്നു.
12. ഐറിഷ് കരാര്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കരാര്‍ അവസാനിപ്പിച്ചില്ല എങ്കില്‍ ഉപാധികളില്ലാത യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന നിലപാടിലാണ് ബ്രിട്ടന്‍. ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കുന്നതിന് ആയി മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉപദേഷ്ടാവും ബ്രെക്സിറ്റ് മദ്ധ്യസ്ഥനും ആയ ഡേവിഡ് ഫ്രോസ്റ്റിനെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് അയച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍